പറവൂരിലെ വിസമയ കൊലക്കേസിലെ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പിടിയിലായി

"സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായി. വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് വിസ്മയയെ കുത്തി. കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ല."ജിത്തു പൊലീസിനോട് പറഞ്ഞു

0

കൊച്ചി | പറവൂരിലെ വിസമയ കൊലക്കേസിലെ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പിടിയിലായി. കാക്കനാട് അഭയ കേന്ദ്രത്തില്‍ നിന്നാണ് ജിത്തുവിനെ പിടികൂടിയത്. പിങ്ക് പോലീസാണ് ജിത്തുവിനെ കണ്ടെത്തി അഭയ കേന്ദ്രത്തില്‍ എത്തിച്ചത്. ജിത്തുവിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ജിത്തു കുറ്റസമ്മതം നടത്തി. സാധാരണ പോലെ വിസ്മയയുമായി വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നുമാണ് മൊഴി. കൊലപാതകത്തിന് ആരുടെയും പ്രേരണയോ സഹായമോ തനിക്ക് കിട്ടിയിട്ടില്ലെന്നും ജിത്തു പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി നൽകി.

“സാധാരണ ഉണ്ടാകുന്ന പോലെ വിസ്മയയുമായി വഴക്കുണ്ടായി. വഴക്കിനിടെ ദേഷ്യത്തിൽ കത്തി കൊണ്ട് വിസ്മയയെ കുത്തി. കുത്തേറ്റ വിസ്മയ മരിച്ചുവെന്ന് തോന്നിയപ്പോൾ മണ്ണെണ്ണ ഉപയോഗിച്ച് തീകൊളുത്തി. കൊലപാതകത്തിന് ആരുടെയും പ്രേരണയും സഹായവും ഇല്ല.”ജിത്തു പൊലീസിനോട് പറഞ്ഞു

വിസ്മയയുടെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ജിത്തുവിനെ ഇന്ന് കാക്കനാട് വെച്ചാണ് പൊലീസ് പിടികൂടിയത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ അറിയാനുണ്ട്.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് ജിത്തു വീടിന് സമീപത്തെ സി മാധവന്‍ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോള്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ വീടിന്‍റെ പിറക് വശത്തെ ആളൊഴി‌ഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവന്‍ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സില്‍ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രൂപമല്ല ഇപ്പോള്‍ ജിത്തുവിനുള്ളത്. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ ജിത്തുവിന്‍റെ കൈവശമുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

You might also like

-