നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടില്ലെന്ന് വൈസ് ചാൻസലർ

നിയമന വിവാദവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയുമായി ചേർത്തുവയ്ക്കുന്നതാണ് റിപ്പോർട്ടെന്ന സൂചനയാണ് വിസി നൽകിയത്

0

കാലടി :കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടില്ലെന്ന് വൈസ് ചാൻസലർ ഡോ. ധർമരാജ അടാട്ട്. ഇക്കാര്യം വ്യക്തമാക്കിയായിരിക്കും ഗവർണർക്ക് റിപ്പോർട്ട് നൽകുകയെന്ന് വൈസ് ചാൻസലർപറഞ്ഞു .നിയമന വിവാദവുമായി ബന്ധപ്പെട്ട് സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയുമായി ചേർത്തുവയ്ക്കുന്നതാണ് റിപ്പോർട്ടെന്ന സൂചനയാണ് വിസി നൽകിയത്. നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമില്ലെന്നും യുജിസി ചട്ടങ്ങൾ കൃത്യമായി പാലിച്ചാണ് നിയമനം നൽകിയതെന്നുമായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇക്കാര്യങ്ങൾ തന്നെയാകും റിപ്പോർട്ടിലെന്ന സൂചനയും വിസി നൽകി. അതിനിടെ നിയമന വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ നിന്ന് ഡോ. ടി. പവിത്രൻ പിന്മാറിയെന്ന വിവരവും വൈസ് ചാൻസലർ പങ്കുവച്ചു.

മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. തസ്തികയിൽ മൂന്നാം റാങ്ക് നേടിയ വി ഹിക്മത്തുള്ള, സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർ ധർമരാജ് അടാട്ടിൽ നിന്ന് വിശദീകരിണം തേടിയത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയെന്നാണ് ഗവർണർക്ക് ലഭിച്ച പരാതി.

അതേസമയം കാലടി സർവകലാശാലയിലെ അസി. പ്രഫസർ തസ്കികയിലേക്കുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വിസിക്ക് കത്തയച്ച വിഷയ വിദഗ്ധരിൽ ഒരാളായ ഡോക്ടർ ടി . പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. പിൻമാറിയെന്ന് കാണിച്ച് ഡോ. ടി. പവിത്രന്‍ വിസിക്ക് കത്തയച്ചു.വിഷയ വിദഗ്ദർക്കാണ് നിയമനത്തിൽ അധികാരമെന്ന് കരുതിയാണ് വിയോജനമറിയിച്ചതെന്നാണ് ഡോക്ടർ പി പവിത്രന്റെ വിശദീകരണം. കാലടി സര്‍വകലാശാലയിലെ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് പരാതിയുമായി രംഗത്തുവന്നിരുന്നത്. അതില്‍ ഒരാളാണ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.

You might also like

-