യുപിയിൽ ബിജെപി തന്നെ, വീണ്ടും മുഖ്യമന്ത്രി

വോട്ടെണ്ണൽ അവസാന ലാപ്പിൽ ഉത്തര്‍പ്രദേശില്‍ വീണ്ടും യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായി. കേവല ഭൂരിപക്ഷത്തിലേക്ക് ലീഡുയര്‍ത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കവേ 403ല്‍ 263 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. എസ്പി നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനാവില്ല. 135 സീറ്റിലാണ് എസ്പി ലീഡ് ചെയ്യുന്നത്

0

ഡൽഹി |ലക്‌നൗ| അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യം ഏറ്റവും കൂടുതൽ ഉറ്റു നോക്കിയത് ഉത്തർപ്രദേശിലേക്കാണ്. അഭിപ്രായവോട്ടെടുപ്പ് ഫലങ്ങളും എക്‌സിറ്റ് പോൾ ഫലങ്ങളും എല്ലാം പറഞ്ഞത് പോലെ യുപിയിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തി. ഏത് വിധേനയും ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും മായാവതിയുടെ ബിഎസ്പിയ്‌ക്കും കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നിരിക്കുന്നത്.കോൺഗ്രസിന് ഇത് നിലനിൽപ്പിനുള്ള പോരാട്ടമായിരുന്നെങ്കിലും ഫലംപ്രഖ്യാപനം വന്നതോടെ ദയനീയമായ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

വോട്ടെണ്ണൽ അവസാന ലാപ്പിൽ ഉത്തര്‍പ്രദേശില്‍ വീണ്ടും യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായി. കേവല ഭൂരിപക്ഷത്തിലേക്ക് ലീഡുയര്‍ത്തിയിരിക്കുകയാണ് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കവേ 403ല്‍ 263 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. എസ്പി നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനാവില്ല. 135 സീറ്റിലാണ് എസ്പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് 3 സീറ്റിലും ബിഎസ്പിക്ക് 6 സീറ്റിലും മാത്രമേ മുന്നേറാന്‍ കഴിഞ്ഞുള്ളൂ. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 2017ൽ ബിജെപി യുപി പിടിച്ചത്. 403ൽ 312 സീറ്റാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി സ്വന്തമാക്കിയത്. 2012ലെ 47ൽനിന്നാണ് ബിജെപി ഇത്രയും കൂടുതൽ സീറ്റുകൾ കൈപ്പിടിയിലാക്കിയത്. രാമക്ഷേത്ര വിവാദം കത്തി നിന്ന കാലത്ത് 1991ൽ നേടിയ 221 സീറ്റായിരുന്നു ഇതിനു മുമ്പുള്ള പാർട്ടിയുടെ മികച്ച പ്രകടനം. അതിനു ശേഷം താഴോട്ടായിരുന്നു പാർട്ടിയുടെ വളർച്ച. 1993ൽ 177 ഉം 1996ൽ 174 ഉം സീറ്റു നേടിയ പാർട്ടി രണ്ടായിരത്തിലെത്തിയതോടെ നൂറിന് താഴേക്ക് വീണു. 2002ൽ 88 സീറ്റും 2007ൽ 51 സീറ്റുമാണ് നേടാനായത്. 2012ൽ നാൽപ്പത്തിയേഴും. അവിടെ നിന്നായിരുന്നു പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്. 1980ൽ 11 സീറ്റിൽ നിന്നിരുന്ന പാർട്ടിയാണ് 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ സംസ്ഥാനം ഭരിച്ചത്.

1989ന് ശേഷം തുടർച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ൽ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിന്‍റെ തകർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ. 1999 മുതൽ 2002 വരെ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവിൽ കല്യാൺ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ൽ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വർഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതൽ 2007 വരെ മുലായം സിങ് യാദവ്. 2007ൽ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ൽ ബിഎസ്പിയെ തോൽപ്പിച്ച് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 ല്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന് രണ്ടാമൂഴം ഉറപ്പായി

You might also like

-