ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുല്‍ ഗാന്ധി എംഫില്‍ നേടിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ വിവാദങ്ങളുയര്‍ന്നുവന്നിരുന്നു.

0

ഡൽഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ബി.ജെ.പി. ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുല്‍ ഗാന്ധി എംഫില്‍ നേടിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു സ്മൃതിയുടെ രക്ഷയ്‌ക്കെത്തിയത്.

ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യതയാണു ചര്‍ച്ചാ വിഷയം. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. എങ്ങനെയായാലും ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുലിനു എംഫില്‍ കിട്ടിയതെന്ന് അരുണ്‍ ജയ്റ്റ്‌ലി ബ്ലോഗില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ വിവാദങ്ങളുയര്‍ന്നുവന്നിരുന്നു. 2009ല്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത ചില മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ രാഹുല്‍ പഠിച്ച കേംബ്രിജ് സര്‍വ്വകലാശാല വിശദീകരണവുമായി രംഗത്തെത്തി. ലണ്ടനില്‍ ട്രിനിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എംഫില്‍ ബിരുദധാരിയാണെന്ന് അന്നത്തെ വെസ് ചാന്‍സലറായിരുന്ന അലിസണ്‍ റിച്ചാര്‍ഡ് വ്യക്തമാക്കി. 1994-95 ല്‍ വിദ്യാര്‍ത്ഥിയായ രാഹുല്‍ മിടുക്കനായിരുന്നുവെന്നും അന്ന് അവര്‍ അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഈ കത്തും രാഹുലിന്റെ എംഫില്‍ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമാണ് അന്ന് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നത്.

ബിരുദമുണ്ടെന്നു മുന്‍പ് അവകാശപ്പെട്ട സ്മൃതി ഇറാനി ഇപ്പേള്‍ ബിരുദമില്ലെന്നു സമ്മതിച്ചതിനെ പരിഹസിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി മുന്‍പു അഭിനയിച്ച സീരിയലിനെ പരാമര്‍ശിച്ച് ‘ ക്യോംകി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥീ ‘ (മന്ത്രിയും ഒരിക്കല്‍ ബിരുദധാരി ആയിരുന്നു ) എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം ചർച്ചാവിഷയമായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനകളുയർന്നു വന്നത്. തൊട്ടുപിന്നാലെ കേംബ്രിഡ്ജില്‍ ബിരുദധാരികള്‍ക്ക് നേരിട്ട് എംഫില്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ജയ്റ്റിലിക്കു മറുപടി നല്‍കുകയും ചെയ്തു.

You might also like

-