അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കണം യു എൻ

അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി മിക്ക രാജ്യങ്ങളും രക്ഷാസമിതിയില്‍ താലിബാന്‍റെ നടപടികള്‍ക്കെതിരെ നിലകൊണ്ടപ്പോള്‍ ചൈന മൃദുനിലപാടാണ് സ്വീകരിച്ചത്

0

അഫ്ഗാൻ സെല്ല് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിൻ്റെ ലക്ഷ്യം. +919717785379 എന്ന ഫോൺ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയിൽ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ സമവായ ചര്‍ച്ചകളിലൂടെ സ്ത്രീകളുള്‍പ്പെടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐക്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി മിക്ക രാജ്യങ്ങളും രക്ഷാസമിതിയില്‍ താലിബാന്‍റെ നടപടികള്‍ക്കെതിരെ നിലകൊണ്ടപ്പോള്‍ ചൈന മൃദുനിലപാടാണ് സ്വീകരിച്ചത്.അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്‍റെ താവളമാക്കി മാറ്റാതിരിക്കാൻ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു

അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാനായാണ് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നത്. അഫ്ഗാനിസ്ഥാനില്‍ ഗുരുതരമായ സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നതെന്നും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ എല്ലാ വിഭാഗങ്ങളും ശ്രദ്ധിക്കണമെന്നും ആമുഖമായി സംസാരിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസ് ആവശ്യപ്പെട്ടു. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിലെ ജനങ്ങളുടെ ഭാവി ആശങ്കയിലാണ്, അടിയന്തര ഇടപെടലുകളുണ്ടാകണമെന്ന് അഷ്റഫ് ഗനി സര്‍ക്കാരിന്‍റെ യുഎന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു.

അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി ഭൂരിപക്ഷം രാജ്യങ്ങളും താലിബാന്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചാണ് രക്ഷാസമിതിയില്‍ സംസാരിച്ചത്. എന്നാല്‍ അഫ്ഗാനിലെ വിവിധങ്ങളായ ഗോത്രങ്ങളെയും പാര്‍ട്ടികളെയും ഒരുമിപ്പിച്ച് നല്ല രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ താലിബാന് സാധിക്കുമെന്ന് ചൈന പ്രതീക്ഷ പ്രകടിപ്പിച്ചു. അഫ്ഗാനിലെ സ്ഥിതി ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇടപെടണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. എല്ലാവരുടെയും അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സമിതി കൈക്കൊണ്ട പൊതുതീരുമാനങ്ങളും ആഹ്വാനങ്ങളും ഇപ്രകാരമാണ്. അഫ്ഗാനില്‍ സൈനിക ശക്തി ഉപയോഗിച്ചുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വിശാല അര്‍ത്ഥത്തിലുള്ള സമവായ ചര്‍ച്ചകള്‍ വഴി സ്ത്രീകളുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഐക്യസര്‍ക്കാര്‍ രൂപീകരിക്കണം, ജനങ്ങളുടെ മനുഷ്യാവകാശം ഹനിക്കപ്പെടുന്ന നടപടികളരുത്, മറ്റൊരു രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അഫ്ഗാന്‍റെ മണ്ണ് ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകരുത്. എന്നാല്‍ രക്ഷാസമിതിയുടെ ആവശ്യങ്ങളോടുള്ള താലിബാന്‍റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

You might also like

-