ഇന്ന് വിജയ ദിനം ഒരു വര്ഷം നീണ്ടുനിന്ന ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു ഇനി സ്വന്തമണ്ണിൽ

കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിജയാഘോഷ ലഹരിയിലാണ് സമരഭൂമി.

0

ഡൽഹി | ഒരു വര്ഷം നീണ്ടുനിന്ന കർഷക പോരാട്ടത്തിന്റെ ഭൂമി നിന്ന് സ്വന്തം മണ്ണിലേക്ക് കർഷകർ മടങ്ങുന്നു. ഡൽഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിജയാഘോഷ ലഹരിയിലാണ് സമരഭൂമി. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.

വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതിൽ അഞ്ച് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈക്കാര്യങ്ങളിൽ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് കിസാൻ മോർച്ച വീണ്ടും യോഗം ചേരുന്നത്. സിംഗുവിലെ ടെൻറുകൾ കർഷകർ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കൂ എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കേസുകൾ പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നും കർഷക സംഘനടകൾ വ്യക്തമാക്കി. ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിൻവലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു.

You might also like

-