തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.

0

ഡൽഹി | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.
ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്നതിനെത്തുടർന്നാണ് തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്വേണ്ടിവന്നത് തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.

യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിൽ പല നേതാക്കളും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎൽഎ പിടി തോമസിൻ്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത് .

കോണ്ഗ്രസ് സ്ഥാനാർത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം.  ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാൽ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തതിത്വത്തെ ഇവിടെ സ്ഥാനാർത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. എന്നാൽ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാർത്ഥിയായി ഇറക്കണമെന്ന നിർദേശവും സജീവമാണ്.

ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല. എറണാകുളത്ത് ശക്തമായ സ്വാധീനമുള്ള ട്വൻ്റി 20 ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് ഇറങ്ങുമോ എന്നതും കണ്ടറിയണം. ഇക്കാര്യത്തിൽ സംഘടനയുടെ അകത്ത് രണ്ടഭിപ്രായമുണ്ട്. പഞ്ചാബിലെ മികച്ച വിജയത്തോടെ രാജ്യവ്യാപകമായി ഉണർന്ന ആം ആദ്മി പാർട്ടിയും തൃക്കാക്കരയിൽ ഒരു കൈ നോക്കാൻ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ട്വൻ്റി 20യുമായി സഹകരിച്ചാണ് ആം ആദ്മി കേരളത്തിൽ മുന്നോട്ട് പോകുന്നത്. അതിനാൽ അവരുടെ തീരുമാനം കൂടി ഇക്കാര്യത്തിൽ ആം ആദ്മി നേതൃത്വം പരിഗണിക്കും.

പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മുതിർന്ന നേതാവ് കെ.വി.തോമസ് തൃക്കാക്കരയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കടുക്കുന്ന സാഹചര്യത്തില്‍ ഇത് തന്നെയാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്നാണ് കണക്കാക്കപ്പെടുന്നത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്.

You might also like

-