മണൽ കടത്തിന് ലക്ഷങ്ങളുടെ മാസപ്പടി കോട്ടയത്തെ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം തെള്ളകത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജന്‍, അജിത്ത് ശിവന്‍, എം.ആര്‍. അനില്‍ എന്നിവരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സസ്‌പെന്‍ഡ് ചെയ്തത്

0

കോട്ടയം| ക്വാറികളില്‍നിന്ന് അനധികൃതമായി മണ്ണും മണലും കടത്തുന്നതിന് ലോറി ഉടമകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ മാസംതോറും കൈക്കൂലിയായി വാങ്ങിയ കേസില്‍ കോട്ടയത്തെ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം തെള്ളകത്തെ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജന്‍, അജിത്ത് ശിവന്‍, എം.ആര്‍. അനില്‍ എന്നിവരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സസ്‌പെന്‍ഡ് ചെയ്തത്.കിഴക്കന്‍മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാസില്ലാതെ പോകുന്നതിനും അമിതമായി ലോഡ് കയറ്റുന്നതിനും മാസപ്പടിയായി ഒരു ലോറിക്ക് 7,500 രൂപ വീതം ആറ് ലക്ഷം രൂപ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ വാങ്ങിയതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ജി.എസ്.ടി., റോയല്‍റ്റി ഇനത്തില്‍ വന്‍ നഷ്ടം വരുത്തിയതായും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ലോറി ഉടമ കടപ്പൂര് വട്ടുകളം സ്വദേശി രാജീവിനെതിരേ കോട്ടയം വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തു.

പാസില്ലാതെ ടോറസ് ലോറികളില്‍ മണ്ണും മണലും കടത്തുന്നുവെന്ന പരാതിയില്‍ ഓപ്പറേഷന്‍ ഓവര്‍ലോഡ് എന്നപേരില്‍ എം.സി. റോഡില്‍ ഏറ്റുമാനൂരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. ഗൂഗിള്‍ പേ വഴിയാണ് മൂവരും കൈക്കൂലിപണം വാങ്ങിയിരുന്നത്.
ഷാജന്‍ അച്ഛന്റെ തിരുവനന്തപുരത്തെ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ലക്ഷവും അജിത്ത് ശിവന്‍ സ്വന്തം അക്കൗണ്ടിലൂടെ രണ്ടരലക്ഷവും, അനില്‍ ബിനാമി അക്കൗണ്ടിലൂടെ 53,000 രൂപയും കൈപ്പറ്റിയതിന്റെ തെളിവുകളാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്.

ഉദ്യോഗസ്ഥരുടെ വീടിന്റെ വാടകയും ഇടനിലക്കാരന്‍ രാജീവാണ് നല്‍കിയിരുന്നത്. എം.സി. റോഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പുവഴിയാണ് ലോറി ഉടമകളും ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകള്‍ നടത്തിയിരുന്നത്. പരിശോധനയില്‍ പിടിക്കാതിരിക്കാന്‍ ലോറി നമ്പരുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ വാട്‌സാപ് ഗ്രൂപ്പിലൂടെ നല്‍കും. ലിസ്റ്റില്‍പെട്ട ലോറികളെത്തിയാല്‍ പിടിക്കാതിരിക്കുകയോ, പിടിച്ചശേഷം നടപടിയെടുക്കാതെ പറഞ്ഞുവിടുകയോ ആണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.മാസം അരലക്ഷം രൂപവരെ കൈക്കൂലി നല്‍കുന്ന ഉടമകളുമുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപ ഒരുമാസം ലോറി ഉടമകളില്‍നിന്ന് മാത്രം കൈക്കൂലിയായി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

You might also like

-