നടിയെ ആക്രമിച്ച കേസ് മെമ്മറി കാർഡ് തുറന്നു പരിശോധിച്ച സംഭവം പരിശോധനയിൽ അന്വേഷണം വേണമെന്ന് വിചാരണക്കോടതി

കോടതിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാർഡിന്‍റെ ക്ലോൺസ് കോപ്പിയും മിറർ ഇമേജും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണക്കോ‍ടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കഴിഞ്ഞ വർഷം ജൂലൈ 19ന് മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ വീണ്ടും ആവശ്യമുന്നയിച്ചേക്കും

0

കൊച്ചി| നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണ റിപ്പോ‍ർട്ട് സമർപ്പിക്കാൻ വെളളിയാഴ്ച വരെ അന്വേഷണസംഘത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുണ്ട്. കോടതിയുടെ കൈവശം ഉണ്ടായിരുന്ന മെമ്മറി കാർഡിന്‍റെ ക്ലോൺസ് കോപ്പിയും മിറർ ഇമേജും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണക്കോ‍ടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കഴിഞ്ഞ വർഷം ജൂലൈ 19ന് മെമ്മറി കാർഡ് ഫോണിലിട്ട് പരിശോധിച്ചതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ വീണ്ടും ആവശ്യമുന്നയിച്ചേക്കും

അതേസമയം നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും ദൃശ്യങ്ങൾ കാണാൻ തയാറായിട്ടില്ല . വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർ‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറൻസിക് റിപ്പോർട്ടിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാൽനിർദേശിച്ചു .

ഫൊറൻസിക് റിപ്പോർട് വിചാരണക്കോടതിൽ സമർപ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വർഗീസിന്‍റെ പരാമർശങ്ങൾ. മെമ്മറി കാർഡ്‌ ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ്, അന്ന് ഈ ടവർ ലൊക്കേഷനിൽ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. ഇതിന്‍റെ പേരിൽ കോടതിയെ സംശയത്തിൽ നിർത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങൾ കാണാൻ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല. ദൃശ്യങ്ങൾ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്‍റെ മറുപടി. കേസിന്‍റെ വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്.

നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർ‍‍‍ഡിലെ ദൃശ്യങ്ങൾ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ വെളഴിയാഴ്ചക്കകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ചാണ് ഹര്‍ജി സമർപ്പിച്ചത്. ഈ പരിഗണിച്ചാണ് കോടതി ഉത്തരവ്. ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍ർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐപി എന്ന് ബാലചന്ദ്രകുമാർ പറ‌‌ഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

ദിലീപിന്‍റെ പക്കൽ ദൃശ്യങ്ങൾ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്‍റെ വീട്ടിൽ ശരത് കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായ സംവിധായകൻ ബാല ചന്ദ്രകുമാറിന്‍റെ നേർ‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു.

2017 ഡിസംബ‍ർ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്‍റെ പക്കൽ ദൃശ്യങ്ങൾ എത്തിയെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോർട്ടിലുണ്ട്

You might also like

-