ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി

രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് അമ്പരപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ

0

ഭരണഘടനാവിരുദ്ധമാണെന്ന് 2015ൽ വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി. രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് അമ്പരപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. വകുപ്പ് റദ്ദാക്കിയ കാര്യം ഐ.ടി നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാരിന് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു.രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണം.

ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ ശേഷവും ആയിരത്തി മുന്നൂറിലേറെ കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തുവെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടന ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രിംകോടതിയുടെ രൂക്ഷ പരാമർശങ്ങൾ. രാജ്യത്ത് ഇപ്പോഴും 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്നത് ഞെട്ടിക്കുന്നതും, അമ്പരപ്പിക്കുന്നതും, ഭീതിജനകവുമാണെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

You might also like

-