നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രേഖപ്പെടുത്താതെ തുറന്നുപരിശോധിച്ചത് അനധികൃതമാണ്. മെമ്മറി കാർഡ് പരിശോധനാഫലം വിചാരണ കോടതി ക്രൈംബ്രാഞ്ചിനു കൈമാറി

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറൻസിക് റിപ്പോ‍ർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.

അതേസമയം, തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ശ്രമമെന്നും സർക്കാർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.

നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നി‍ർദേശിച്ചത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം. സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

You might also like

-