പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്നു

പുനർനിർമ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്

0

കൊച്ചി: പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുനർനിർമ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളി ഭാ​ഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരൻ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി. ഇവർക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തി. ഡിഎംആർസി ഉദ്യോ​ഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു.
41 കോടി 70 ലക്ഷം രൂപ ചിലവിട്ട് ഉമ്മന്‍ചാണ്ടി സര്‍‌ക്കാരിന്‍റെ കാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലത്തില്‍ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ.ഐ.ടിയും ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു.

സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബര്‍ 28ന് പാലത്തിന്‍റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡി.എം.ആർ.സിയെ നിർമാണ ചുമതല എൽപ്പിച്ച പാലത്തിന്‍റെ കരാര്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കല്‍ പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്‍റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയത്.

കൊച്ചി മെട്രോ പദ്ധതിയുടെ ഭാ​ഗമായി 2016-ലാണ് ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു. വിദ​ഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ പൂർണമായും ​ഗതാ​ഗതത്തിന് തുറന്നു കൊടുത്തതോടെ കൊച്ചി ന​ഗരത്തിലെ​ ​ഗതാ​ഗതക്കുരുക്കിനും വലിയ ആശ്വാസമാവും.

You might also like

-