നാഷണൽ ഹെറാൾഡ് കള്ളപ്പണകേസ് രഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം.

0

ഡൽഹി | രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും . നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.കഴിഞ്ഞ ദിവസത്തെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് എത്താൻ രാഹുലിന് ഇഡി നിർദ്ദേശം നൽകുകയായിരുന്നു. രാവിലെ 11 മണിക്ക് ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഒമ്പതുമണിക്കൂറാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെ രാഷ്‌ട്രീയമായി നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്.പ്രശ്‌ന സാധ്യത കണ്ട് ഡൽഹിയിൽ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.കൂടാതെ പ്രതിഷേധവുമായി എത്തിയ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡി എന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു.കേസിനെ നിയമപരമായി നേരിടുന്നതിന് പകരം രാഷ്‌ട്രീയപരമായി പ്രയോഗിക്കാനാണ് കോൺഗ്രസ് ശ്രമം.ഒപ്പം സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.കേസിൽ ഈ മാസം 23 ന് ഹാജരാകണമെന്ന് സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് നൽകിട്ടുണ്ട്.

2013ൽ ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സോണിയാ ഗാന്ധിക്കും,രാഹുൽ ഗാന്ധിക്കും എതിരെ കേസെടുത്തത്.അസോസിയേറ്റഡ് ജേർണലിന്റെ 2000 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ‘വെറും 50 ലക്ഷം രൂപ നൽകി’ തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് കേസ്.കേസിൽ 2015 ഡിസംബറിൽ 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടിന്റെയും ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്.ഇതിന് പുറമെ പല കോൺഗ്രസ് നേതാക്കൾക്കും ഇഡി സമൻസ് അയച്ചിരുന്നു.

You might also like

-