അഗ്നിപഥ് പദ്ധതി ഒരു കാരണവശാലും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും പ്രതിരോധമന്ത്രാലയം

ഇന്ത്യൻ കരസേനയുടെ മുഖമുദ്രതന്നെ കടുത്ത അച്ചടക്കമാണ്. ഇവിടെ അക്രമത്തിനും കലാപകാരികൾക്കും സ്ഥാനമില്ല. പോലീസ് അന്വേഷണം സൈനിക സേവനത്തിനായി നടത്തുമ്പോൾ അത് 100 ശതമാനം പൂർണ്ണമായിരിക്കും. അവരുടെ ക്ലിയറൻസില്ലാതെ ആരും സൈന്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

0

ഡൽഹി | അഗ്നിപഥ് പദ്ധതി ഒരു കാരണവശാലും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും കലാപകാരികൾക്ക് ഇനി സൈന്യത്തിൽ പ്രവേശിക്കാനുള്ള സാദ്ധ്യത ഇല്ലെന്നും സൈനിക നേതൃത്വം. അഗ്നിപഥ് പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനൊപ്പമാണ് സൈന്യത്തിൽ ചേരാനുള്ള പ്രാഥമിക യോഗ്യത ദേശഭക്തിയും അച്ചടക്കവുമാണെന്ന് ലെഫ് ജനറൽ അനിൽ പുരി ഓർമ്മിപ്പിച്ചത്.വ്യോമസേനയിൽ അഗ്നിപഥ് രജിസ്ട്രേഷൻ ജൂൺ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബർ 30-ന് തുടങ്ങും. ഓൺലൈൻ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽ നടത്തുമെന്നർത്ഥം.നാവികസേനയിൽ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നൽകുക. നാവികസേനയിലും ഓൺലൈൻ പരീക്ഷ ഒരു മാസത്തിനുള്ളിൽത്തന്നെ നടക്കും. നവംബർ 21-ന് നാവികസേനയിൽ പരിശീലനം തുടങ്ങും

കലാപത്തിന് ഇറങ്ങിയവരെ അഗ്നിപഥിൽ എടുക്കാനാവില്ല. അഗ്നിപഥ് പദ്ധതി ഏറെ നാളത്തെ ചിന്തകൾക്ക് ശേഷം രൂപപ്പെടുത്തിയ ഒന്നാണ്. യുവശക്തിയും സാങ്കേതിക തികവും വേണ്ട തരത്തിലേയ്‌ക്ക് സുരക്ഷാ സേനകളുടെ കരുത്ത് വർദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മികച്ച വ്യക്തിത്വമുള്ളവരാണ് ഒരു നാടിന്റെ സുരക്ഷാ സേനയിലു ണ്ടാകേണ്ടത്. അക്രമം നടത്തിയവർക്ക് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും അനിൽ പുരി പറഞ്ഞു.

ഇന്ത്യൻ കരസേനയുടെ മുഖമുദ്രതന്നെ കടുത്ത അച്ചടക്കമാണ്. ഇവിടെ അക്രമത്തിനും കലാപകാരികൾക്കും സ്ഥാനമില്ല. പോലീസ് അന്വേഷണം സൈനിക സേവനത്തിനായി നടത്തുമ്പോൾ അത് 100 ശതമാനം പൂർണ്ണമായിരിക്കും. അവരുടെ ക്ലിയറൻസില്ലാതെ ആരും സൈന്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എഫ്‌ഐആർ ഇട്ട ഒരാൾക്കും ഇനി ഒരു സേനാ വിഭാഗത്തിലും അവസരം ലഭിക്കില്ലെന്നും സൈനിക മേധാവി വ്യക്തമാക്കി.

ഉത്തർപ്രദേശിലും, ബീഹാറിലും, മദ്ധ്യപ്രദേശിലും തെലങ്കാനയിലും നടത്തിയത് ന്യായീക രിക്കാനാകാത്ത അക്രമങ്ങളാണ്. ഇതുവരെ വിവിധ കേസുകളിലായി 250 പേർ ഉത്തർ പ്രദേശിൽ മാത്രം പിടിയിലായിട്ടുണ്ട്. ആറ് കേസുകളിലാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. തെലങ്കാനയിൽ മാത്രം റെയിൽവേയ്‌ക്കുണ്ടായ നഷ്ടം 20 കോടി രൂപയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മൂന്ന് സേനാവിഭാഗങ്ങളും അഗ്നിപഥ് പദ്ധതി വഴി മാത്രമേ ഇനി സൈന്യത്തിലേയ്‌ക്ക് പുതിയവരെ തിരഞ്ഞെടുക്കൂ എന്ന് വ്യക്തമാക്കിയത്.

You might also like