മൻസൂർ വധം കേസ് ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും

കേസ് ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി. വിക്രമന്‍ ആണ് കേസ് അന്വേഷിക്കുക

0

കണ്ണൂര്‍: പെരിങ്ങത്തൂര്‍ പുല്ലൂക്കരയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. കേസ് ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി. വിക്രമന്‍ ആണ് കേസ് അന്വേഷിക്കുക.മന്‍സൂര്‍ കൊലപാതകത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ഇസ്മായിലിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചത്. ഇതുവരെ നാലുപേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒരാളെയും ശനിയാഴ്ച മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മന്‍സൂറിന്റെ ബന്ധുക്കളുടെയും സംഭവത്തിന് ദൃക്സാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും മൊഴിയെടുത്തിരുന്നു.

You might also like

-