സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു

0

കൊച്ചി | സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച്​ സംസ്ഥാന സർക്കാരിൽ നിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

ഇതിനിടെ സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവേ വികസനത്തെ ബാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ കടബാധ്യത റെയിൽവേയുടെ മുകളിൽ വരാൻ സാധ്യത. ആവശ്യത്തിന് യാത്രക്കാരിലെങ്കിൽ വായ്‌പാ ബാധ്യത പ്രതിസന്ധിയിലാകും. സാങ്കേതിക സാധ്യതകൾ സംബന്ധിച്ച മതിയായ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. കേന്ദ്രസർക്കാർ നേരിട്ട് പഠനം നടത്തില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. വിശദമായ സാങ്കേതിക വിവരങ്ങൾ നൽകാൻ കെ ആർ ഡി സി എലിന് നിർദേശം നൽകിയെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക ലാഭം സംശയാസ്പദമാണെന്നും, സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രാലയം പറഞ്ഞിരുന്നു. നിക്ഷേപ പൂർവ പരിപാടികൾക്കാണ് അനുമതി നൽകിയത്.നേരത്തെ തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ പുതിയ ഉത്തരവ്. കെ-റെയില്‍ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തങ്ങളുടെ അധികാരത്തിന് അപ്പുത്തുള്ള കാര്യങ്ങളില്‍ സിംഗിള്‍ ബെഞ്ച് ഇടപെടുന്നതായി സർക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെയടക്കം അത് ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു

You might also like

-