പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം ശൂരനാട് സ്വദേശി സ്മിതാ കുമാരിയുടെ മരണമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. സ്മിതാ കുമാരിയുടെ മരണം തലയ്ക്ക് അടിയേറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു.

0

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ശൂരനാട് സ്വദേശി സ്മിതാ കുമാരിയുടെ മരണമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. സ്മിതാ കുമാരിയുടെ മരണം തലയ്ക്ക് അടിയേറ്റാണെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതക സാധ്യത തളളാനാവില്ലന്ന് ഫൊറൻസിക് സംഘവും അറിയിച്ചു.

ഒരു മാസമായിട്ടും ദുരൂഹത നീങ്ങത്തതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ജീവനക്കാരെ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തിൽ അന്വേഷണം. നവംബർ 30 നാണ് സ്മിതാ കുമാരി മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തു വന്നു. സ്മിതാ കുമാരിയുടെ ശരീരത്തിലും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

കൊല്ലം ശൂരനാട് തെക്ക് സ്വദേശിനിയായ സ്മിതാ കുമാരി(41)യെ വീട്ടിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകട‌ിപ്പിച്ചതിനെ തുടർന്നാണ് പേരൂർക്കട ആശുപത്രിയിൽ എത്തിച്ചത്. വാര്‍ഡില്‍ ചികില്‍സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി. നവംബർ 27 ഞായറാഴ്ച്ച പുലർച്ചെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്.

ചൊവ്വാഴ്ച്ച വൈകിട്ടോടെ സെല്ലിൽ സ്മിത കുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. നേരത്തേ രണ്ട് തവണ സ്മിതാകുമാരിയെ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.

You might also like

-