കേന്ദ്രം പക തീർക്കുന്നു പ്രവാസി കളുടെ സഹായം തേടാൻ മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നൽകാത്തത് സംസ്ഥാനത്തിന് എതിരായ നീക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍

യുഎഇ ഭരണകൂടവും പ്രവാസി സഹോദരങ്ങളും കേരളത്തോട് കാണിക്കുന്ന സ്നേഹം നേരിട്ട് മനസിലാക്കാന്‍ അവസരമൊരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

0

തിരുവനതപുരം :മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി ലഭിക്കാത്തതു സംസ്ഥാനത്തിന് എതിരായ നീക്കമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മുട്ടാപോക്ക് നിലപാട് സ്വീകരിക്കേണ്ടവരല്ല കേന്ദം. എന്നാല്‍ വിദേശ സന്ദര്‍ശന വിഷയത്തില്‍ മുട്ടാപോക്കു നിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി കേരളത്തിലെ ഭരണകൂടത്തോടു പറഞ്ഞ കാര്യങ്ങള്‍പോലും നടപ്പിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദര്‍ശനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തിനു സഹായം നല്‍കരുതെന്ന നിലപാടാണു സ്വീകരിച്ചതെന്നും അതില്‍ ആശ്ചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ല. നാടിനെ തകര്‍ക്കുന്ന ബിജെപിയുടെ നിലപാട് എല്ലാവരും കാണണം. ഇതു വെല്ലുവിളിയായി ജനം ഏറ്റെടുക്കണം. നമുക്ക് നാട് പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. ആ ബോധ്യവും ഇടപെടലും സഹകരണവും എല്ലാവരില്‍നിന്നും ഉണ്ടാകണമെന്നും, കേന്ദ്ര നിലപാടിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഒരു ബിജെപി നേതാവ് പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ രാജ്യം മൊത്തം യാചിക്കാന്‍ പോകുകയാണെന്നാണ്. യാചനയല്ല സര്‍ക്കാര്‍ നടത്തുന്നത്. നാടിനുവേണ്ടി നമ്മുടെ സഹോദരന്‍മാരെയാണ് കാണുന്നത്. വിദേശ മലയാളികള്‍ കേരളത്തെ സഹായിക്കാന്‍ തയാറാണ്. നമ്മള്‍ നമ്മളായത് നാടിന്റെ സഹായത്തോടെയാണ്. ആ നാടാണ് പ്രളയത്തില്‍ തകര്‍ന്നത്. പുതിയ കേരളം സൃഷ്ടിക്കാനാണ് വിദേശത്തുള്ള സഹോദരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലെ മന്ത്രിമാര്‍ ഒരുമിച്ച് വിദേശത്തേക്ക് പോയാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. പൂജ അവധിക്കാണ് മന്ത്രിമാര്‍ പോകാനികുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു സന്ദര്‍ശനം തീരുമാനിച്ചത്. അവധി ദിവസങ്ങളായതിനാല്‍ കേരളത്തിന് നല്ല സഹായം ലഭിക്കുമായിരുന്നു. കേരളത്തോട് എന്താണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

യുഎഇ സന്ദര്‍ശനം വമ്പിച്ച വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍.

യുഎഇ സന്ദര്‍ശനം വലിയ വിജയമായിരുന്നെന്നും യുഎഇ ഭരണകൂടവും പ്രവാസി സഹോദരങ്ങളും കേരളത്തോട് കാണിക്കുന്ന സ്നേഹം നേരിട്ട് മനസിലാക്കാന്‍ അവസരമൊരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലെ പ്രവാസി സമൂഹവുമായി സംവദിച്ചു. യുഎഇ ഭരണാധികാരികളുമായി സംസാരിച്ചപ്പോള്‍ കേരളത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് അവര്‍ക്ക് വ്യക്തമായി അറിയാമെന്ന് മനസിലായി. പ്രമുഖ വ്യവസായികളും സംഘടനകളും ലോകകേരള സഭയിലെ അംഗങ്ങളും സംരംഭകരും പ്രഫഷണലുകളും യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 700 കോടി രൂപയുടെ സഹായമാണ് പ്രളയകാലത്ത് യുഎഇ വാഗ്ദാനം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റ നിലപാട് കാരണം അതു വാങ്ങാന്‍ കഴി‍ഞ്ഞില്ല. ഈ സന്ദര്‍ശനത്തോടെ അതിനേക്കാൾ വലിയ തുക മൊത്തത്തില്‍ അവിടെനിന്ന് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു

കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു

വലിയ ദുരന്തങ്ങളില്‍ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയില്‍ കാര്യക്ഷമമായ ഭൂവിനിയോഗവും ജലവിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി ആവശ്യമെങ്കില്‍ പുതിയ നിര്‍മാണം സര്‍ക്കാര്‍ പരിഗണിക്കും. കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു തലത്തില്‍ പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് നടപ്പാക്കേണ്ടവ, ഹ്രസ്വകാലം കൊണ്ട് പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാല പദ്ധതികള്‍. പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കാര്‍ഷിക രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രളയത്തെ തുടര്‍ന്ന് കൃഷിഭൂമിയിലെ മണ്ണിന്‍റെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. അമ്ലാംശം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലസേചന മേഖലയിലെ പ്രശ്നങ്ങളും ഇതോടൊപ്പം പരിഗണിക്കണം. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പെട്ടെന്ന് തന്നെ വീട് പുനര്‍നിര്‍മിച്ച് നല്‍കേണ്ടതുണ്ട്. വീട് നിര്‍മിക്കാന്‍ പറ്റാത്ത സ്ഥലങ്ങളുണ്ട്. പുതിയ സ്ഥലം കണ്ടെത്തി ആ പ്രശ്നം പരിഹരിക്കണം. ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സഹായം നല്‍കും. ധാരാളം പേര്‍ ഭൂമി സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുമ്പോള്‍ അതുകൂടി പരിഗണിക്കണം. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരന്‍, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, ഡോ. കെ.പി. കണ്ണന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ഹഡ്കോ മുന്‍ ചെര്‍മാന്‍ വി. സുരേഷ്, ചീഫ് സെക്രട്ടറി ടോം ജോസ്, നിര്‍വഹണ സമിതി ചെയര്‍മാന്‍ ഡോ. കെ.എം. അബ്രഹം, ചീഫ് എക്സിക്യൂട്ടീവ് ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

You might also like

-