ബഫർ സോൺ ജനവാസമേഖലകളെ ഒഴുവാക്കണം നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി

സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്ക‌ാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്നാണ് നിയമസഭയിൽ പ്രമേയം.

0

തിരുവനന്തപുരം | ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ സ‍ര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്. സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്ക‌ാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്നാണ് നിയമസഭയിൽ പ്രമേയം. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
.
ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാൽ എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം.

വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതില്‍ കേരളത്തെ ഒഴിവാക്കണമെന്നതാണ് പ്രമേയത്തില്‍ ആവശ്യപ്പെടുക.സംസ്ഥാനത്തെ ജനവാസ മേഖലകളെയും ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടാണ് സുപ്രിംകോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. യുഡിഎഫ്-യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രിംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You might also like

-