അഴിമതി ,ടിസി മാത്യു 2.16 കോടി തിരിച്ചടക്കണമെന്ന് ഓംബുഡ്‌സ്മാന്‍

ടിസി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.ടിസി മാത്യു 2.16 കോടി തിരിച്ചടക്കണമെന്ന് ഓംബുഡ്‌സ്മാന്‍

0

തിരുവന്തപുരം :കെസിഎ മുന്‍ പ്രസിഡന്റ് ടിസി മാത്യു രണ്ട് കോടി 16 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍. ക്രിക്കറ്റ് വികസനത്തിന്റെ മറവില്‍ വിവിധയിനത്തിലായി വന്‍ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. ടിസി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു.

ടിസി മാത്യുവിനെതിരായ കെസിഎ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് രണ്ട് കോടി 16 ലക്ഷം രൂപ ടിസി മാത്യുവില്‍ നിന്ന് തിരികെപ്പിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. ലോധ കമ്മറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കെ.സി.എയുടെ പ്രവര്‍ത്തനങ്ങള്‍ ഓംബുഡ്‌സ്മാന്റെ നിയന്ത്രണത്തിലാണ്. ഇടുക്കിയിലെ സ്‌റ്റേഡിയം നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് കെസിഎ അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സ്‌റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയിലെ പാറ പൊട്ടിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. അനുമതിയില്ലാതെ 44 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ച് കടത്തിയത്.

സ്‌റ്റേഡിയം നിര്‍മാണത്തിന് കരാര്‍ നല്‍കിയതിലും ക്രമക്കേട് കണ്ടെത്തി. കാസര്‍ഗോഡ് സ്‌റ്റേഡിയ നിര്‍മാണത്തിനായി ഇരുപത് ലക്ഷം രൂപയോളം ചിലവഴിച്ച് വാങ്ങിയത് പുറമ്പോക്ക് ഭൂമിയാണെന്നും കണ്ടെത്തി. ഇവിടെയും ക്രമവിരുദ്ധമായാണ് നിര്‍മാണക്കരാര്‍ നല്‍കിയത്. കെസിഎയ്ക്ക് സോഫ്റ്റ്‌വെയര്‍ വാങ്ങിയ വകയില്‍ 60 ലക്ഷം രൂപ ചിലവഴിച്ചതിലും ക്രമക്കേട് കണ്ടെത്തി. മറൈന്‍ െ്രെഡവില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതിന് 20 ലക്ഷം ചിലവഴിച്ചു. ഗസ്റ്റ് ഹൗസുള്ളപ്പോഴായിരുന്നു ഈ ധൂര്‍ത്ത്. കൂടാതെ അനധികൃത നിയമനം നടത്തിയതായും പണം ധൂര്‍ത്തടിച്ചതായും ക്രിക്കറ്റ് അന്വേഷണക്കമ്മീഷന്‍ കണ്ടെത്തി.

ടിസി മാത്യുവില്‍ നിന്ന് രണ്ട് മാസത്തിനികം പണം തിരികെപ്പിടിക്കണമെന്നും അല്ലാത്തപക്ഷം പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് വി രാംകുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം ആരോപണങ്ങള്‍ക്ക് പിന്നില്‍ കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജാണെന്ന് ടി സി മാത്യു ആരോപിച്ചു. തൃശ്ശൂര്‍ ക്രിക്കറ്റ് അസോസിയേന്‍ മുന്‍ ഭാരവാഹി അഡ്വ. കെ പ്രമോദാണ് പരാതിക്കാരന്‍. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ കെസിഎ ജനറല്‍ബോഡി യോഗം നാളെ ചേരും.അതേസമയം ഓംബുഡ്‌സ്മാന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ടിസി മാത്യു ആരോപിച്ചു.

You might also like

-