കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം സുപ്രീം കോടതി ഇന്ന് വിധി

വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളൂം ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

0

ഡല്‍ഹി | കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളൂം ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, , ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി കെ നവദഗി എന്നിവര്‍ ഹാജരായി. പത്ത് ദിവസം വാദംകേള്‍ക്കല്‍ നീണ്ടുനിന്നു.
ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ്.ഹിജാബ് ധരിക്കുന്നത് മതപരമെങ്കില്‍ അത് തടയാന്‍ കോടതികള്‍ക്ക് ആകില്ല.സിഖ് വിഭാഗത്തിന് തലപ്പാവെന്നപോലെത്തന്നെ പ്രാധാന്യമേറിയതാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഹിജാബ്.ഭരണഘടനയുടെ അനുഛേദം 19 (1) (എ) പ്രകാരം ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.ഹിജാബ് നിരോധന ഉത്തരവ് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്.അവകാശം ഭരണഘടനപരമായി സംരക്ഷിക്കപെടുന്നുണ്ട്.
മതപരമായി മാത്രമല്ല, സാംസ്‌കാരികമായ ആചാരമാണെങ്കില്‍പ്പോലും ഹിജാബ് വിലക്കാനാവില്ല.
അനിവാര്യമായ മതാചാരം പരിശോധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല.മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്‌കർഷിച്ചിട്ടുണ്ട്.വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതേസമയം .ഹിജാബ് ധരിക്കല്‍ മതാചാരമാണ്. എന്നാല്‍ അനിവാര്യമായ മതാചാരമല്ല.
മതാചാരം അനിവാര്യമാണെന്ന് വിലയിരുത്തണമെങ്കില്‍ അത് പാലിച്ചില്ലെങ്കില്‍ മതത്തില്‍നിന്ന് പുറത്തുപോകുന്നത് ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഹിജാബിന്റെ കാര്യത്തില്‍ അങ്ങനെയില്ല.
2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവെച്ച സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആണ് ഹിജാബ് വിവാദത്തിന് കാരണം.
ഹിജാബ് നിരോധന ഉത്തരവ് ഏതെങ്കിലും മതത്തിനെ ലാക്കാക്കിയല്ല, മതേതര സ്വഭാവം ഉള്ളതാണ്.സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്.കര്‍ണാടക സര്‍ക്കാരിന്റെ വാദം

കര്‍ണാടക ഹൈക്കോടതി പരിഗണിച്ച വിഷയങ്ങള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തിയത് ഭരണഘടനയുടെ അനുച്ഛേദം 19(1), 21 എന്നിവ പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ?
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് യൂണിഫോം നിര്‍ബന്ധമാക്കിയുള്ള ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനയിലെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണോ?
കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്
ഹിജാബ് ധരിക്കല്‍ ഇസ്ലാം മതത്തില്‍ അനിവാര്യമല്ല.
ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ല.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിവിധ ഹര്‍ജികളില്‍ വിധിപറയുക. ഇരു ജഡ്ജിമാരും പ്രത്യക വിധികള്‍ പ്രസ്താവിക്കുമെന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ കേസുകളുടെ പട്ടികയില്‍ രേഖപെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഭിന്നവിധികള്‍ ആണോ അതോ യോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ള വിധികള്‍ ആണോ എന്ന് വ്യക്തമല്ല. ഭിന്നവിധികള്‍ ആണെങ്കില്‍ ഹര്‍ജികള്‍ ഉയര്‍ന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് പോകും. രാവിലെ പത്ത് മുപ്പതിനാണ് വിധിപ്രസ്താവം.

ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിനികളെ 2021 ഡിസംബര്‍ 27ന് ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഹിജാബ് ധരിച്ചെത്തുന്നവരെ വീണ്ടും വിലക്കി തുടങ്ങിയതോടെ 2022 ജനുവരി 1ന് വിദ്യാര്‍ഥികള്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു.
ജനുവരി 3ന് ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ച് എത്തിയവരെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ പ്രധാന കവാടത്തില്‍ തടഞ്ഞു. ഇതോടെ കര്‍ണാടകയിലാകെ പ്രതിഷേധം ശക്തമായി. ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് ഈ സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഫെബ്രുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് കര്‍ണാക സര്‍ക്കാര്‍ ഉത്തരവിറക്കി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാന്‍ ഹൈക്കോടതി വിശാല ബെഞ്ചും നിര്‍ദേശിച്ചു. മാര്‍ച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി

You might also like

-