സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; 22 കുട്ടികള്‍ ആശുപത്രിയില്‍

18 ആണ്‍കുട്ടികള്‍ക്കും നാല് പെണ്‍കുട്ടികളേയുമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

0

നെടുങ്കണ്ടം: നെടുങ്കണ്ടം സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 22 കുട്ടികളെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 ആണ്‍കുട്ടികള്‍ക്കും നാല് പെണ്‍കുട്ടികളേയുമാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികള്‍ക്ക് ഓക്കനവും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെയോടെ കൂടുതല്‍ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. മൂന്ന് പരിശീലകര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധമൂലമാണ് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായിരിക്കുന്നതെന്ന് താലൂക്ക് ആശുപത്രി ഡോക്ടര്‍മാര്‍ സ്വിരികരിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഴുവന്‍ കുട്ടികളും നിരീക്ഷണത്തിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് നെടുങ്കണ്ടം താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് നെടുങ്കണ്ടം സ്‌പോട്‌സ് ഹോസ്റ്റലിലെത്തി പരിശോധന നടത്തി. മലിനജലം കുടിച്ചതുകൊണ്ടാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രഥമിക നിഗമനം.

കുടിവെള്ളം എത്തുന്ന പൈപ്പിന് ഉണ്ടായിട്ടുള്ള പൊട്ടല്‍ വഴിയാണ് മലിനജലം എത്തിയിരുന്നത്. തുണികള്‍ അലക്കുന്ന വെളളവും, പാചകപുരയില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളവുമാണ് പൈപ്പിലൂടെയുള്ള കുടിവെള്ളത്തില്‍ കലര്‍ന്നിരുന്നത്. പാമ്പാടുംപാറ പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ്, ശശി പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്. കുടിവെള്ളത്തിന്‍ സമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനയില്‍ പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കളും, വൃത്തിഹീനമായ സാഹചര്യവും ഹോസ്റ്റലില്‍ കണ്ടെത്തിയതായി ഡോ.ബിജു ഫിലിപ്പ് പറഞ്ഞു.

ഹോസ്റ്റലില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊന്നുമില്ല. എലി, ഈച്ച, കൊതുക് എന്നിവ പെരുകുന്ന രീതിയില്‍ ഹോസ്റ്റലിന്റെ പരിസരത്ത് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കുടിവെള്ള സംഭരണി, മെസ് ഹാള്‍, പാചകപ്പുര എന്നിവിടങ്ങളില്‍ പക്ഷികളുടെ കാഷ്ടവും മറ്റും വീണ് വൃത്തിഹീനമായി നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നെടുങ്കണ്ടം സ്‌പോട്‌സ് അക്കാദമിക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സ്‌പോട്‌സ് അക്കാദമി ഹോസ്റ്റല്‍ വാര്‍ഡന്‍ ഇന്‍ചാര്‍ജിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഭവത്തില്‍ സ്‌പോട്‌സ് അക്കാദമി ഹോസ്റ്റലില്‍ തമസിക്കുന്ന കുട്ടികള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയതായി സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി പറഞ്ഞു.

കണ്ടെത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആരോഗ്യ വകുപ്പിന്റെ പരിശോധനക്ക് ശേഷമേ ഇനി കുട്ടികളെ ഹോസ്റ്റലില്‍ താമസിപ്പിക്കൂവെന്നും മായാദേവി പറഞ്ഞു. ജില്ലാ സ്‌പോര്‍ട്ടസ് കൗണ്‍ിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം സ്‌പോസ് ഹോസ്റ്റലില്‍ ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി തലം വരെ പഠിക്കുന്ന 55 കുട്ടികളാണ് നെടുങ്കണ്ടം സ്‌പോട്‌സ് ഹോസ്റ്റലില്‍ താമസിച്ച് പരിശീലനം നേടുന്നത്. ഇതില്‍ 30 പേര്‍ ആണ്‍കുട്ടികളും 25 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതിലെ 22 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You might also like

-