സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

ഡൽഹി : മുന്‍ ലോക്‌സഭാ സ്പീക്കറും മുന്‍ സി.പി.എം നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്തു തവണ ലോക്സഭാംഗമായിരുന്നു. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ചാറ്റര്‍ജി ലോക്സഭാ സ്പീക്കറായിരുന്നത്. 1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥിനെ 2008 ല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ-യുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പുറത്താക്കലിനു പിന്നില്‍.
കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യാവസ്ഥ അല്‍പ്പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് സോമനാഥ് ചാറ്റര്‍ജിയെ വീട്ടിലെത്തിച്ചത്. വീട്ടില്‍ വച്ച് വീണ്ടും ആരോഗ്യ നില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു