മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

മലയാള മാധ്യമരംഗത്ത് സിനിമ വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ.

0

കോട്ടയം | മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്. രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്‌ടോബര്‍ 15-നായിരുന്നു ജനനം. മാത്തൂര്‍ താഴത്തെ കളത്തില്‍ കെ. സി. നായരുടെയും പൊല്‍പ്പുള്ളി ആത്തൂര്‍ പത്മാവതി അമ്മയുടെയും മകനാണ്. പുതുശ്ശേരി പൊല്‍പ്പുള്ളി, ഇലപ്പുള്ള, പാലക്കാട് മോത്തിലാല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം.എയും പാസായി. ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റാ സ്റ്റഡി, നീലഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ ആദ്യ കഥ ഒക്‌ടോബര്‍ പക്ഷിയുടെ ശവം (1971) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് മലയാളനാട്, ദേശാഭിമാനി, നവയുഗം, കലാകൗമുദി തുടങ്ങി പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി.1982ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ചിത്രഭൂമി, വാരാന്തപ്പതിപ്പ് എന്നിവയുടെ ചുമതലക്കാരനായിരുന്നു. പിന്നീട് ഇന്ത്യാ വിഷനില്‍ ചേര്‍ന്നു. 24 ഫ്രെയിംസ് എന്ന പേരില്‍ സിനിമാ സംബന്ധിയായ പംക്തി കൈകാര്യംചെയ്തു.

മലയാള മാധ്യമരംഗത്ത് സിനിമ വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. സിനിമയുടെ രസതന്ത്രമെഴുതി മലയാള മാധ്യമരംഗത്ത് തന്‍റെതായ ഒരിടം കൃത്യമായി അടയാളപ്പെടുത്തിയ പത്രപ്രവർത്തകൻ. ഇന്ത്യ വിഷനിൽ ട്വന്റി ഫോർ ഫ്രേം എന്ന പരിപാടിയിലൂടെ ലോകസിനിമയുടെ രാഷ്ട്രീയം സൂക്ഷമതയോടെ പഠിച്ച് ആധികാരികതയോടെ അവതരിപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടാമ്പി കേന്ദ്രീകരിച്ച് സാറാ ജോസഫ് മാനുഷി എന്ന സംഘടന രൂപീകരിച്ചപ്പോൾ അവരുടെ പോരാട്ടങ്ങൾക്കൊപ്പം സഹദേവനും തൂലിക ചലിപ്പിച്ചു. മലമ്പുഴ അകമലവാരത്തെ വനംകൊളളയും നെല്ലിയാമ്പതി എസ്റ്റേറ്റുകളിലെ ഭൂമിപ്രശ്നവും പുറത്തെത്തിച്ച് പരിസ്ഥിതി നിലപാടും സഹദേവൻ വ്യക്തമാക്കിയിരുന്നു. സഹദേവൻ ഇന്ത്യാവിഷൻ വാർത്താ ചാനലിന്‍റെ അസോ.എഡിറ്ററായിരുന്നു . മികച്ച പത്രപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: തിരുവണ്ണൂര്‍ ചെങ്കളത്ത് പുഷ്പ. മകള്‍: ചാരുലേഖ. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു.

 

 

 

 

 

You might also like

-