ദമ്പതികളുടെ ആത്മഹത്യക്കുത്തരവാദികളായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല

പൊലീസ് സി പി എമ്മിന് വേണ്ടി വിടുപണി ചെയ്യുന്നു.

0

തിരുവന്തപുരം :  സി പി എം ചങ്ങനാശേരി നഗര സഭാ അംഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികളായ സുനി കുമാറും, രേഷ്മയെയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ച ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പെയാണ് മറ്റൊരു കൊടും ക്രൂരതക്ക് പൊലീസ് കൂട്ടു നിന്നത്. തൃശൂരിലെ വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അയാള്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിന് സമാനമായ സംഭവമാണ് ചങ്ങനാശേരിയിലും അരങ്ങേറിയത്. പരാതിക്കാരനായ സി പി എം കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിലെടുത്ത സുനികുമാറിനെ ചോദ്യം ചെയ്തതും, ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയതും.
സി പി എം നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്തതിന്റെ ഫലമാണ് ദമ്പതികളുടെ ദാരുണ മരണം. പൊലീസിനെ അടിമുടി രാഷ്ട്രീയ വല്‍ക്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് പോലും പൊലീസില്‍ നിയന്ത്രണമില്ലന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ്. സി പിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദമ്പതികളുടെ മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രമേശ് ചെന്നിതല ആവശ്യപ്പെട്ടു

You might also like

-