ശബരിമല ശ്രീകോവിലിലെ ചോർച്ച ദ്വാരപാലക ശില്പങ്ങളിൽ മഴവെള്ളം

ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ. ശ്രീകോവിലിന്റെ മേൽകൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമെ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളു. ഇതിന് തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിധ്യം വേണം

0

പത്തനംതിട്ട | ശബരിമല ശ്രീകോവിലിന്റെ സ്വർണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയു. വിഷുപൂജക്ക് നട തുറന്നപ്പോൾ തന്നെ നേരിയതോതിൽ ചോർച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥർ ബോർഡിനെ അറിയിച്ചിരുന്നു. മാസപൂജ സമയത്ത് ഭക്തജന തിരക്കായിരുന്നതിനാൽ അറ്റകുറ്റപ്പണികൾ നടന്നില്ല. ഇതിനിടെ സ്പോൺസർമാരുടെ സഹായത്തോടെ നവീകരിക്കാൻ പദ്ധതിയിട്ടു. എന്നാൽ സ്പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് തന്നെ പണി പൂർത്തിയാക്കാൻ ആയിരുന്നു അന്തിമ തീരുമാനം.

ശ്രീകോവിലിൽ സ്വർണ്ണപ്പാളികൾ ഉള്ളതിനാൽ പൊളിച്ചുള്ള പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി വേണം. ഈ സാഹചര്യത്ത്തിൽ ചോർച്ചയടക്കം ചൂണ്ടികാട്ടി ദേവസ്വം ബോർഡ്‌ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.തന്ത്രിയുടെയും തിരുവാഭരണം കമ്മീഷണറുടെയും നിർദ്ദേശം കൂടി കണക്കിലെടുത്താവും ബോർഡ് തുടർനടപടികൾ സ്വീകരികുക. അടുത്തമാസം നിറപുത്തിരിക്ക് നട തുറക്കുമ്പോൾ തന്ത്രി, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ പ്രാഥമിക പരിശോധന നടത്തും. അതിവേഗത്തിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശ്രീകോവിലിലെ തടികൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ. ശ്രീകോവിലിന്റെ മേൽകൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമെ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളു. ഇതിന് തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിധ്യം വേണം. ഉടൻ നടപടിയെടുക്കും. 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂർത്തിയാക്കുമെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചു.

You might also like

-