സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു; കടലാക്രമണം രൂക്ഷം; കാണാതായ മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി; ഡാമുകൾ തുറന്നു

ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. 23 വരെ മിക്ക ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു

0

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികളെ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തി.ബുധനാഴ്ച വൈകിട്ട് കടലില്‍ പോയ പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസന്‍, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും നടത്തിയ തിരച്ചിലിലാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്.അതേസമയം, കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കന്യാകുമാരി നീരോടി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ജോണ്‍ ബോസ്‌ക്കോ, ലൂര്‍ദ് രാജ്, സഹായരാജ് എന്നിവരെയാണ് കാണാതായത്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. 23 വരെ മിക്ക ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ശനിയാഴ്ച കാസര്‍കോട്ടും ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

കനത്ത മഴയില്‍ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ഇടുക്കിയില്‍ കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.87 അടി ഉയര്‍ന്ന് 2304.4 അടിയിലെത്തി. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 13.1 ശതമാനമാണിത്. മുന്‍വര്‍ഷം ഇതേസമയം 2380.46 അടിയായിരുന്നു. പാംബ്ല അണക്കെട്ട് പ്രദേശത്ത് ശക്തമായ മഴ ലഭിച്ചു. 22.1 സെന്റീമീറ്റര്‍. കല്ലാര്‍കുട്ടി 18 സെ.മീ, പെരിങ്ങല്‍കുത്ത് 17.58 എന്നിങ്ങനെയും മഴ ലഭിച്ചു.
തിരുവനന്തപുരം അരുവിക്കര ഡാം ഷട്ടറും തുറന്നു. ഇതു മൂലം കരമനയാറ്റില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു

You might also like

-