സംസ്ഥാനത്തു പെരുമഴ അണക്കെട്ടുകൾ നിറഞ്ഞു ,, മലയോരമേഖല ഉരുൾപൊട്ടൽ ഭീതിയിൽ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഡാമുകളില്‍ റെക്കോര്‍ഡ് നിലനിരപ്പ് ഇടുക്കിയിലും എറണാകുളത്തും ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0

തിരുവനതപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ മത്സ്യബന്ധനത്തിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളെക്കുറിച്ച് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർദ്ദേശം നൽകി.വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ താലൂക്ക് കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുടെ പ്രവർത്തനം തുടരും. ശബരിമല നട തുറന്നതോടെ പമ്പ ത്രിവേണിയിൽ കുളിക്കാനിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗവിയടക്കമുള്ള മലയോര മേഖലയിൽ മണ്ണിടിച്ചിൽ ശക്തമായ സാഹചര്യത്തിൽ രാത്രി കാലത്ത് യാത്രകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ 18 വീടുകൾ പൂർണമായും 457 വീടുകൾ ഭാഗികമായും തകർന്നതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. തെക്കൻ കേരളത്തിൽ തീരപ്രദേശങ്ങൾ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ മത്സ്യബന്ധനമടക്കമുള്ളവക്ക് നിയന്ത്രണമേർപ്പെടുത്തിയാണ് ജാഗ്രതാ നിർദ്ദേശമുള്ളത്.

മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ഡാമില്‍ റെക്കോര്‍ഡ് ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് 131 അടി പിന്നിട്ടു. ഇന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം പരിശോധിക്കും.

1985ലാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് 2373.09 അടിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍, ഇതു മറികടന്നാണ് ജലനിരപ്പ് 2375.05 എന്ന റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ടാണ് ആറടിയിലേറെ വെള്ളം ഇടുക്കി ഡാമില്‍ ഉയര്‍ന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് ഇനിയും വര്‍ധിക്കും. മറ്റ് ചെറുഡാമുകളായ മലങ്കര, കല്ലാര്‍കുട്ടി, കല്ലാര്‍, മൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാം, ലോവര്‍ പെരിയാര്‍ തുടങ്ങിയവയുടെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുറന്നിരുന്നു. ഇടുക്കിയില്‍ 17 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ മഴയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഓരോ സെക്കന്‍ഡിലും 5635 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 132 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ സന്ദര്‍ശം. കഴിഞ്ഞ മാസം 15നാണ് സമിതി ഒടുവില്‍ ഡാം സന്ദര്‍ശിച്ചത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കൂടിയിട്ടും തമിഴ്നാട് ഡാമില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിച്ചിട്ടില്ല.ഇടുക്കിയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്‍ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.മടവീഴ്ചമൂലം 128 പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായ കുട്ടനാട്ടില്‍ കാലവര്‍ഷക്കെടുതി കൊണ്ടുള്ള ദുരിതം തുടരുകയാണ്. 7316 ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു. പ്രദേശത്തെ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്.

കുട്ടനാട് മേഖലയിലും ആലപ്പുഴ ജില്ലയിലും മഴ വിട്ടുനിന്നാലും ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിക്കുന്നില്ല. കിഴക്കന്‍ മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കുട്ടനാട്ടുകാരുടെ ജീവിതം ദുരിത പൂര്‍ണമാക്കുന്നത്. കേരളത്തിന്റെ നെല്ലറയിലെ കൃഷിയുടെ തൊണ്ണൂറു ശതമാനത്തോളം ഇതിനകം തന്നെ നശിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ കേരളത്തെയാകെ പ്രതിസന്ധിയിലാക്കുന്ന ദുരിതമാണ് കുട്ടനാട്ടിലുണ്ടായിരിക്കുന്നത്.നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്. ഗതാഗത സംവിധാനങ്ങള്‍ പലയിടത്തും താറുമാറായി. എ സി റോഡിലും അമ്പലപ്പുഴ തിരുവല്ല റോഡിലും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും എത്തുന്നില്ലെന്ന പരാതി പല മേഖലകളിലെയും ജനങ്ങള്‍ക്കുണ്ട്

മഴ കനത്തതോടെ എറണാകുളം ജില്ലയിലെ പലയിടങ്ങളും വെള്ളത്തിനടിയില്‍ അകപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ മഴക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും രാത്രിയോടുകൂടി മഴ കനത്തു. കാലവര്‍ഷക്കെടുതികളെ നേരിടാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ മേഖലകളില്‍ നിന്നും 4681 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വിവിധ താലൂക്കുകളിലായി 54 ക്യാമ്പുകളാണ് ജില്ലയില്‍ ഇതിനോടകം തുറന്നത്. 1489 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ അഭയം തേടിയതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ക്യാമ്പുകളില്‍ വൈദ്യ സഹായം അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്കൂളുകൾക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനത്തതോടെ കാലവര്‍ഷക്കെടുതി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പിന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശവും നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം ഒരാഴ്ച നിര്‍ത്തിവയ്ക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കനത്ത മഴയെത്തുടര്‍ന്ന് തടസപ്പെട്ടിരുന്ന ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനം മേഖലകളില്‍ വീടുകളിലധികവും വെള്ളത്തിനടിയിലാണ്

You might also like

-