ദുരന്തംഭരണകൂട സൃഷ്ടിയാണ് കുറ്റക്കാരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം

ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഈ സർക്കാരിനാണ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ പ്രളയദുരന്തം ഭരണകൂട സൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ സമയത്ത് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് വീഴ്ച പറ്റി. കുറ്റക്കാരെ കണ്ടെത്തി പ്രോസിക്യൂട്ട് ചെയ്യണം. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കരുതൽ എടുത്തിരുന്നെങ്കിൽ ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മാസമായി ഉറങ്ങുകയാണ്. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഈ സർക്കാരിനാണ്. ട്രയൽ റൺ സമയത്ത് നടത്തിയില്ല. മാധ്യമങ്ങൾക്ക് വേണ്ടി ഡാം തുറക്കാനാവില്ലെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. ഇടുക്കി അണക്കെട്ട് തുറക്കുന്നതിലെ വീഴ്ചയാണ് പ്രളയത്തിന് കാരണമായതായതെന്നും അദ്ദേഹം പറഞ്ഞു.
പമ്പയിലെ ഒൻപത് ഡാം ഒരുമിച്ച് തുറന്നു വിട്ടു. ജനങ്ങൾക്ക് മുൻകൂർ ജാഗ്രത നൽകിയില്ല. ആളുകളെ മാറ്റി പാർപ്പിച്ചില്ല. ആലുവയിലും മുന്നറിയിപ്പ് നൽകിയില്ല. ഇടുക്കിയിലും സമാന അവസ്ഥയാണ് ഉണ്ടായത്. കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് അവഗണിച്ചു. കുറ്റകരമായ അനാസ്ഥയാണ് കെ എസ് ഇ ബി കാണിച്ചത്.ചാലക്കുടി പുഴയിലെ ആറ് ഡാം ഒരുമിച്ച് തുറന്നു. തമിഴ്നാടും ഇതിനിടയിൽ വെള്ളം ഒഴുക്കി വിട്ടു. ഇപ്പോൾ വെള്ളം തുറന്നു വിടരുത് എന്ന് കേരളം നിർദ്ദേശിച്ചില്ല. നേരത്തെ കുറച്ച് വീതം തുറന്നു വിട്ടിരുന്നെങ്കിൽ അപകടം ഉണ്ടാകില്ലായിരുന്നു. രാത്രി ജനം ഉറങ്ങുന്ന സമയത്താണ് ചെങ്ങന്നൂർ മുങ്ങിയത്. വയനാട്ടിൽ ബാണാസുരസാഗർ കളക്ടറെ പോലും അറിയിക്കാതെ തുറന്നു. കുട്ടനാട്ടിലെ 90 ശതമാനം ആളുകളും അഭയാർത്ഥികളായി എന്നും അദ്ദേഹം പറഞ്ഞു. തണ്ണീർമുക്കത്തെ മണ്ണ് നീക്കിയില്ലെന്നും തോട്ടപ്പള്ളി സ്പിൽവേ യഥാസമയം തുറന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുര കത്തുമ്പോൾ വാഴ വെട്ടുകയാണ് സർക്കാർ. വൈദ്യുതി സെസ് 10% കൂട്ടി. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന പണം പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

You might also like

-