തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു..  ബൂത്തുകളിൽ നീണ്ട ക്യൂ

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് തൃക്കാക്കര. 2011ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു

0

കൊച്ചി | കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളിൽ ദൃശ്യമായത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി.തൃക്കാക്കരയിൽ മഴ മാറി നിൽക്കുന്നു. ആദ്യമണിക്കൂറുകളിൽ എല്ലാ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ട് .ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും വോട്ട് രേഖപ്പെടുത്തുന്നതിനായി പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് തൃക്കാക്കര. 2011ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

പിടിയുടെ ആത്മാവും തൃക്കാക്കരയിലെ ജനങ്ങളും കൂടെയുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ടാവുമെന്നാണ് വിശ്വാസം. വൻഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നു ഉമാ തോമസ് പറഞ്ഞു,തൃക്കാക്കരയിലെ ജനങ്ങൾ തന്നോടൊപ്പമാണെന്നും ഉത്തമ വിജയം നേടുമെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു

തൃക്കാക്കരയിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ്. മുൻപും പൊന്നാപുരം കോട്ടകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നും ഇക്കുറി അത് ആവർത്തിക്കപ്പെടുമെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിജയിച്ചുകഴിഞ്ഞാൽ എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“യാതൊരു സംശയവുമില്ല. ഇപ്രാവശ്യം തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സെഞ്ചുറി വിജയം നേടിക്കൊടുക്കാൻ പോവുകയാണ്. ഒരു സംശയവും അതിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നു. തൃക്കാക്കര കേരളത്തിൻ്റെ പരിഛേദമാണ്. എല്ലാ ഭാഗത്തുനിന്നുമുള്ള ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്നത് എന്താണെന്ന് കൃത്യമായി അറിയാവുന്ന ആൾക്കാരാണ്. കേരളത്തിൽ നടക്കുന്ന വികസനക്കുതിപ്പിനൊപ്പമാകാൻ തൃക്കാക്കരയ്ക്കും ആവണം എന്നവർ നിശ്ചയിച്ച് ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടന്നപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നത്. ആ സമയത്ത് തൃക്കാക്കര മാറിച്ചിന്തിച്ചിരുന്നു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ കാരണങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്രാവശ്യം ഭരണമുന്നണിയുടെ എംഎൽഎ ഉണ്ടായാൽ മാത്രമേ ഇവിടുത്തെ വികസന പ്രവർത്തനങ്ങൾ നടക്കുകയുള്ളൂ എന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ ഒരു സംശയവുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇവിടെ നേടും.”- ജോ ജോസഫ് പറഞ്ഞു.

“കോട്ടകളൊക്കെ പലതും അട്ടിമറിയ്ക്കുന്നഗത് നിങ്ങളൊക്കെ കണ്ടതല്ലേ? കോന്നി ഒരു കോട്ട അല്ലായിരുന്നോ? വട്ടിയൂർക്കാവ് ഒരു കോട്ട അല്ലായിരുന്നോ? 25 വർഷം മുൻപ് റാന്നി ഒരു കോട്ട അല്ലായിരുന്നോ? കോട്ടകൾ അട്ടിമറിയ്ക്കപ്പെട്ടിട്ടുണ്ട്. അത് ഇവിടെയും സംഭവിക്കും. കേരളം ഒരു പ്രബുദ്ധമായ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് പ്രബുദ്ധമായ രാഷ്ട്രീയമാണ് വേണ്ടത്. ഇവിടെ ആരാണ് അത് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്യും. എല്ലായിടത്തും പരമാവധി ഓടിയെത്തിയിട്ടുണ്ട്. വിജയിച്ചുകഴിഞ്ഞാൽ എല്ലാ മാസവും എംഎൽഎ ഓഫീസിനോട് ചേർന്ന് എല്ലാ മാസവും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു

You might also like

-