ജലന്ധർ ബിഷപ്പിന്റെ പീഡനം കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി

ആരോപണ വിധേയനായ ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ

0

കുറവിലങ്ങാട് :ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോപണ വിധേയനായ ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. ഇതിനിടെ കന്യാസ്ത്രീ പരാതിയിൽ പറയുന്ന തിയതികളിൽ ബിഷപ്പ് മഠത്തിൽ എത്തിയതിന് കൂടുതൽ തെളിവ് ലഭിച്ചു. സഭ വിട്ട രണ്ട് കന്യാസ്ത്രീകളുടെ മൊഴിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരാതിക്കാരിയായ കന്യാസ്ത്രീക്ക് ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മഠത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്ന് നേരത്തെതന്നെ കന്യാസ്ത്രീ പൊലീസിൽ അറിയിച്ചിരുന്നു. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിൽ എത്തിയതിനു കൂടുതൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. സഭ വിട്ട് പോയ രണ്ട് കന്യാസ്ത്രീകളുടെ മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. ബാഗ്ലൂരിൽ എത്തിയാണ് ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രീ പരാതിയിൽ പറയുന്ന തീയതികളിൽ ബിഷപ്പ് മഠത്തിൽ എത്തിയിരുന്നുവെന്ന് രണ്ട് കന്യാസ്ത്രീകളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിന്റെ മൊഴിയെടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്‌. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന തീയതി മാറ്റി. ഈ മാസം 23 ന് ജലന്ധറിൽ എത്തി ചോദ്യം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. ബിഷപ്പിനെതിരെ കടുത്ത നടപടി ഉടൻ എടുക്കേണ്ടെന്ന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ മുന്നോട്ട് മാറ്റിയതെന്നാണ് സൂചന

You might also like

-