കണ്ണൂരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

കണ്ണൂരിൽ ആത്മഹത്യ ചെയ്ത സുനീഷ ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകി രംഗത്തെത്തിയിരുന്നു

0

കണ്ണൂർ: കണ്ണൂരിൽ ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുനീഷയുടെവീട്ടുകാരുടെ മൊഴി എടുത്ത പൊലീസ്, ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്തേക്കും. പുറത്ത് വന്ന സുനീഷയുടെ ശബ്ദരേഖകൾ വിശദമായി പരിശോധനക്കാനാണ് പൊലീസ് നീക്കം.സുനീഷയുടെയും വിജീഷിന്‍റെയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരിശോധിക്കും. ഇതിന് ശേഷമേ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കൂ. അതിനിടെ കണ്ണൂരിൽ ആത്മഹത്യ ചെയ്ത സുനീഷ ഭർതൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകി രംഗത്തെത്തിയിരുന്നു.

സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭർത്താവിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്.

ഭര്‍തൃവീട്ടില്‍ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലില്‍ നിന്ന് പാഴ്‍സല്‍ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത്. വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും ദേവകി പറഞ്ഞു.

ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനീഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ ഭർത്താവിന്‍റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

You might also like