പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നു 4586 കേസുകളിൽതീർപ്പ് കൽപ്പിച്ചത് 68 മാത്രം

2022 വർഷം റിപ്പോർട്ട് ചെയ്ത 4586 പോക്സോ കേസുകളിൽ കോടതി വിധി വന്നത് 68 കേസുകളിൽ. ഇതിൽ ശിക്ഷ വിധിച്ചത് വെറും 8 കേസുകളിൽ. 2019 മുതലുള്ള കണക്കുകളിൽ വെറും 1.9% ആണ് ശിക്ഷാനിരക്ക്.

0

കൊല്ലം | സംസ്ഥാനത്തു പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നതായി വിവരാവകാശ രേഖ . കേസ് റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് പോക്സോ നിയമത്തിൽ പറയുന്നതെങ്കിലും നടപ്പാകുന്നില്ല. ആയിരക്കണക്കിനു കേസുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്.2022 വർഷം റിപ്പോർട്ട് ചെയ്ത 4586 പോക്സോ കേസുകളിൽ കോടതി വിധി വന്നത് 68 കേസുകളിൽ. ഇതിൽ ശിക്ഷ വിധിച്ചത് വെറും 8 കേസുകളിൽ. 2019 മുതലുള്ള കണക്കുകളിൽ വെറും 1.9% ആണ് ശിക്ഷാനിരക്ക്. കഴിഞ്ഞ 4 വർഷത്തിനിടെ മാത്രം റിപ്പോർട്ട് ചെയ്ത 14,841 കേസുകളിൽ 12,121 എണ്ണം കോടതികളിൽ കെട്ടിക്കിടക്കുകയാണ്.

കേസെടുക്കുന്നതിലെ കാലതാമസം മുതൽ വർഷങ്ങൾ നീളുന്ന വിചാരണ വരെ പോക്സോ കേസുകൾ അട്ടിമറിക്കപ്പെടുന്നതിന് പിന്നിലെ കാരണങ്ങളാണ്. ബന്ധുക്കളോ മറ്റോ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ നിരന്തരം കുട്ടികൾക്കു മേൽ ഉണ്ടാകുന്ന സമ്മർദവും പുനരധിവാസത്തിന് കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് കേസുകൾ ഒത്തുതീർപ്പായി പോകുന്നതിനു പിന്നിലെ കാരണം. കേസുകളിലെ കാലതാമസം മൂലവും വീടുകളിലേക്ക് തിരികെ പോകാനാവാത്തതു മൂലവും 10 വർഷത്തിലധികമായി നിർഭയ ഹോമുകളിൽ കഴിയുന്ന കുട്ടികൾ സംസ്ഥാനത്തുണ്ട്.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ അനുസരിച്ച് 2019 ൽ 3640 പോക്സോ കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തത്. ഇതിൽ കോടതി കുറ്റക്കാരായി കണ്ടു ശിക്ഷ വിധിച്ചത് 150 മാത്രം. 2020 ൽ റജിസ്റ്റർ ചെയ്ത 3056 കേസുകളിൽ 88 കേസുകളിലാണ് ശിക്ഷ വിധിച്ചത്. 2021ൽ റജിസ്റ്റർ ചെയ്തത് 3559 കേസുകൾ. ഇതിൽ ശിക്ഷ വിധിച്ചത് വെറും 47 കേസുകളിലും. കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി വിട്ട പോക്സോ കേസുകളിലെ പ്രതികൾ തന്നെ വീണ്ടും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളും വർധിക്കുന്നുണ്ട്. സംസ്ഥാനത്താകെ 56 പോക്സോ കോടതികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 28 കോടതികൾക്കു കൂടി ഡിസംബറിൽ അനുമതി നൽകിയിരുന്നു.

You might also like

-