പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടുo:പി ചിദംബരം

പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാണ്. നിലവിലുള്ളതിന്റെ മൂന്നിരട്ടി സീറ്റുകള്‍ ഇവിടങ്ങളില്‍ നിന്ന് നേടാനാവുമെന്നാണ് ചിദംബരം പറഞ്ഞത്.

0

ഡൽഹി :വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് 150 സീറ്റുകള്‍ ലഭിക്കുമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ഭരണം പിടിക്കാൻ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ ബാക്കി സീറ്റുകള്‍ നേടാനാകും.ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന ചര്‍ച്ചയായ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് 2019ല്‍ പാര്‍ട്ടി വിജയം നേടുമെന്ന് ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ശക്തമാണ്. നിലവിലുള്ളതിന്റെ മൂന്നിരട്ടി സീറ്റുകള്‍ ഇവിടങ്ങളില്‍ നിന്ന് നേടാനാവുമെന്നാണ് ചിദംബരം പറഞ്ഞത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ബിജെപിയെ നേരിടാന്‍ വിശാല മതേതര സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. വിശാല മതേതര സഖ്യ രൂപീകരണത്തിന് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.ഇതിന് മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. ഓരോ മണ്ഡലത്തിലും അനിവാര്യമായ തന്ത്രം ആവിഷ്‌കരിക്കുമെന്നും നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കൊണ്ട് വരല്‍ പ്രധാന കടമ്പയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പൊതുതിരഞ്ഞെടുരപ്പില്‍ ആര്‍എസ്എസിന്റെ സംഘടനാ സാമ്പത്തിക കരുത്തിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ആവര്‍ത്തിച്ചു. ബിജെപിയെ തകര്‍ക്കാന്‍ നേതാക്കള്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ മറികടന്ന് സഖ്യമുണ്ടാക്കണമെന്ന് സോണിയ പറഞ്ഞു.

അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഈ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് ലോക്സഭയില്‍ അവിശ്വാസപ്രമേയത്തിനെതിരായ മറുപടി പ്രസംഗത്തില്‍ കണ്ടത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരെയും ദരിദ്രവിഭാഗങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് ബിജെപിയെന്നും സോണിയ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദളിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കലനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്നും പീഡിതര്‍ക്കു വേണ്ടി പൊരുതണമെന്നും രാഹുല്‍ പറഞ്ഞു.

You might also like

-