ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് ! കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

മഴ കനക്കുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

0

തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട് ചക്രവാതച്ചുഴി കൂടാതെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുന്നതോടെ 16 വരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ കനക്കുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിച്ചേക്കാം. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യമാണ് ഉള്ളത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. എന്നാൽ ജലനിരപ്പ് ഉയർന്നാലും തൽക്കാലം അണക്കെട്ട് തുറക്കില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പ്രളയ സാധ്യത മുന്നിൽ കണ്ടാണ് ഈ തീരുമാനം. അണക്കെട്ടിന്റെ പൂർണ സംഭരണ ശേഷിയായ 2403 അടിയിൽ എത്തിക്കാൻ കേന്ദ്ര കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ 2389.78 അടിയ്‌ക്ക് മുകളിലാണ് ജലനിരപ്പ്.ഇപ്പോൾ അണക്കെട്ടിൽ 85 ശതമാനം ജലനിരപ്പാണുള്ളത്. മൂന്ന് മണിക്കൂർ കൂടുമ്പോൾ അണക്കെട്ടിന്റെ സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തുന്നുണ്ട്

-

You might also like

-