നിപ്പ: കൂടുതൽ പരിശോധനാ ഫലം ഇന്ന്; പഴങ്ങളുടെ ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിൾ

കോഴിക്കോട് മെഡിക്കൽ കോളജിൽ ആഗസ്ത് 31 ഉച്ചക്ക് ഒരു മണി മുതൽ സെപ്തംബർ ഒന്ന് രാവിലെ 11 വരെയുള്ള സമയത്തിനിടയിലുള്ള അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

0

കോഴിക്കോട് | നിപ്പ നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധാ ഫലങ്ങൾ ഇന്ന് അറിയാം. 15 പേരുടെ ഫലമാണ് ഇന്ന് അറിയാൻ സാധിക്കുക. ഏറ്റവും ഒടുവിൽ എത്തിയ 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതിനാൽ ആശ്വാസത്തിലാണ് ജനങ്ങൾ. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ആഗസ്ത് 31 ഉച്ചക്ക് ഒരു മണി മുതൽ സെപ്തംബർ ഒന്ന് രാവിലെ 11 വരെയുള്ള സമയത്തിനിടയിലുള്ള അത്യാഹിത വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ ആംബുലൻസിൽ നിന്ന് ഇറക്കാൻ സഹായിച്ച വളണ്ടിയർമാരേയും ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ശുചീകരണ സ്റ്റാഫുകളേയും ആശുപത്രി നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആ സമയമുണ്ടായിരുന്നവരെ കണ്ടെത്തും. സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്തവർ അറിയിക്കണമെന്നും മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടു. നിപ വൈറസ് ബാധയുടെ വ്യാപനം തടയാൻ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളിലെ ഇൻസ്റ്റിറ്റ്യൂഷണൽ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു.

വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനയ്‌ക്കായി മൃഗസംരക്ഷണ വകുപ്പ് വീണ്ടും ചാത്തമംഗലത്ത് എത്തും.ആടിന്‍റെയും വവ്വാലുകളുടെയും സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. ആടിന്‍റെ 23 രക്തസാമ്പിളുകളും വവ്വാലിന്‍റെ 5 ജഡങ്ങളും 8 സ്രവ സാമ്പിളുകളുമാണ് മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിട്ടുള്ളത്. രണ്ട് സെറ്റ് റമ്പൂട്ടാൻ പഴങ്ങളുമുണ്ട്. ഇന്നലെ സാമ്പിളുകൾ അയയ്ക്കാനായിരുന്നു തീരുമാനമെങ്കിലും സാധിച്ചില്ല. ഇന്ന് വിമാനമാർഗം കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. കാട്ടുപന്നികളെ തൽക്കാലം വെടിവെച്ച് പിടിക്കേണ്ടെന്നാണ് തീരുമാനം. നിപ വൈറസ് ബാധിച്ച് കാട്ടുപന്നികൾ ചത്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വനം വകുപ്പ്. അങ്ങനെ കണ്ടെത്തിയാൽ മാത്രം പന്നികളെ പിടികൂടി പരിശോധിച്ചാൽ മതിയെന്നാണ് തീരുമാനം

എൻഎവി ഭോപ്പാലിൽ നിന്നുള്ള സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. സംഘം ഇന്ന് പ്രദേശത്ത് എത്തി വവ്വാലിന്റെ സ്രവം പരിശോധിക്കും. അതേസമയം കോഴിക്കോട് താലൂക്കിൽ നിർത്തിവെച്ച കൊറോണ വാക്‌സിനേഷൻ ഇന്ന് പുരോഗമിക്കും. നിപ്പ കണ്ടെയ്ൻമെന്റ് സോണിൽ വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

 

You might also like

-