“ചരിത്രത്തിലെ പുതിയ അധ്യായം” മോദി ജോ ബൈഡനുമായി കൂടിക്കാഴ്ച 

സഹിഷ്ണുതയുടെ കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ജോ ബൈഡന്റെ പ്രതികരണം.

0

വാഷിങ്ടൺ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ്  ജോ ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് ബൈഡൻ പ്രതികരിച്ചത്. ബൈഡൻ കുടുംബത്തിലെ അഞ്ചു പേർ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡൻ പറഞ്ഞു. സഹിഷ്ണുതയുടെ കാര്യത്തിൽ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ജോ ബൈഡന്റെ പ്രതികരണം.

ഇന്ത്യയിലെ ബൈഡൻ കുടുംബങ്ങളെക്കുറിച്ച് ചില രേഖകൾ കൊണ്ടുവന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീർത്തിച്ചു. ഇന്ന് എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാനാവുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ച ബന്ധമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തണം. പരസ്പരവിശ്വാസം വളർത്താൻ മഹാത്മാഗാന്ധിയുടെ ആദർശം പ്രേരണയായെന്നും മോദി പറഞ്ഞു.

ഇന്ത്യ അമേരിക്ക ജപ്പാൻ ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്നു രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം, ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ലെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ പക്ഷം പിടിച്ചുവെന്ന ആരോപണം നിലനിൽക്കെ ജോ ബൈഡനുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനുള്ള മികച്ച അവസരം കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക്. അതേസമയം ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പമെന്ന സന്ദേശം നൽകാനാണ് അമേരിക്ക ശ്രമിക്കുന്നത്. അഫ്ഗാൻ പിന്മാറ്റത്തെ തുടർന്നുള്ള അന്താരാഷ്ട്ര സാഹചര്യത്തിൽ ഇന്ത്യയെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ ശ്രമം.

You might also like

-