നെടുങ്കണ്ടം കസ്റ്റഡി മരണം ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം

ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ ഏഴ് പോലീസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

0

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എസ്‌ഐ കെ.എ.സാബു തന്നെയാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലേയും ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കേസിലെ ആദ്യ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്.

ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ ഏഴ് പോലീസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിളിനേയും ബിജു ലൂക്കോസ് എന്ന കോണ്‍സ്റ്റബിളിനേയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇടുക്കി എസ്പിയായിരുന്ന കെ.ബി. വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പി.കെ.ഷംസ്, അബ്ദുള്‍ സലാം എന്നിവരുടെ പങ്കിനേക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും കുറ്റപത്രില്‍ പറയുന്നു.2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനേയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയേയും അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. സമാനതകളില്ലാത്ത പോലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിക്കുന്നത്.

2019 ജൂണ് 12നാണ് ഹരിതാ ഫിനാൻസ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമൻ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരിൽ നാല് ദിവസം ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ ജീവച്ഛവമായപ്പോൾ മജിസ്ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂണ് 21ന് ജയിലിൽ വച്ചാണ് മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു അടക്കമുള്ള 7 പൊലീസുകാരെ അറസ്റ്റും ചെയ്തു.

എന്നാൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യൽ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സർക്കാർ നിയോഗിച്ചത്. പിന്നാലെ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി ജുഡീഷ്യൽ കമ്മീഷൻ നേരത്തെ തന്നെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു.

കമ്മീഷന്റെ നിർദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്തു. രാജ് കുമാറിന്റെ മരണം ന്യൂമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോർട്ട്. ആദ്യ സർജൻമാർ മനപ്പൂർവം കൃത്രിമം കാണിച്ചുവെന്നും കമ്മീഷൻ കണ്ടെത്തി. ഒന്നര വർഷത്തിനിടെ 200 ലധികം പേരിൽ നിന്നാണ് കമ്മീഷൻ ഇടുക്കിയിലും കൊച്ചിലെ കമ്മീഷൻ ഓഫീസിൽ നിന്നുമൊക്കെയായി തെളിവെടുത്തത്.

 

You might also like

-