നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസിനെ വിമർശിച്ച് സിപിഐ ‘രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണം ഗൗരവമുള്ളതാണ്. ഇതിന് പിന്നിലുള്ള പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

നേരത്തേ ഇടുക്കി എസ്‍പിക്ക് ഇതിൽ കൃത്യമായ അറിവുണ്ടായിരുന്നെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആരോപിച്ചിരുന്നു. എസ്‍പി അറിയാതെ ഇത്ര ക്രൂരമായ മർദ്ദനമുറകളുണ്ടാകില്ലെന്നും ശിവരാമൻ പറഞ്ഞു

0

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ആവർത്തിക്കാൻ പാടില്ലാത്ത സംഭവമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. തെറ്റുകാര്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. അതാണ് സർക്കാർ നയം. ഇടുക്കി എസ്‍പിയെ മാറ്റി നിർത്തണം എന്ന് സിപിഐ ജില്ലാ ഘടകം ആവശ്യപ്പെടുന്നുണ്ടെന്നും കാനം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് തെറ്റു ചെയ്തത് ആരായാലും അവർക്കെതിരെ നടപടിയുണ്ടാകണമെന്നും കാനം ആവശ്യപ്പെട്ടു.

നേരത്തേ ഇടുക്കി എസ്‍പിക്ക് ഇതിൽ കൃത്യമായ അറിവുണ്ടായിരുന്നെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ആരോപിച്ചിരുന്നു. എസ്‍പി അറിയാതെ ഇത്ര ക്രൂരമായ മർദ്ദനമുറകളുണ്ടാകില്ലെന്നും ശിവരാമൻ പറഞ്ഞു. ”രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണം ഗൗരവമുള്ളതാണ്. ഇതിന് പിന്നിലുള്ള പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിൽ കട്ടപ്പന ഡിവൈഎസ്‍പിക്കും ഇടുക്കി എസ്‍പിക്ക് തന്നെയുമുള്ള പങ്ക് അന്വേഷിക്കപ്പെടേണ്ടതാണ്.

ഇടുക്കി എസ്‍പി ഈ കാര്യത്തിൽ എടുത്തിരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമല്ല. പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചു വിട്ടു. ദാഹിച്ച് വെള്ളം ചോദിച്ചപ്പോൾ അത് പോലും കൊടുക്കാത്ത ക്രൂരതയാണുണ്ടായത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം വേണം. ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താൻ”, കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.

വിഷയം നിയമസഭയിലടക്കം പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യത്തിലാണ് സിപിഐയും പൊലീസിനെ തള്ളി രംഗത്തെത്തിയത്. അതേസമയം, രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായതോടെ പൊലീസിനെ കുറ്റപ്പെടുത്തി തടിയൂരുകയാണ് മന്ത്രി എം എം മണി. പോലീസിന്‍റെ ഓരോ ചെയ്തികൾക്കും മറുപടി പറയേണ്ടി വരുന്നത് സർക്കാരാണ്. രാജ്‍കുമാർ തന്നെ പ്രശ്നക്കാരനാണെന്നും മണി ആരോപിച്ചു. ”തട്ടിപ്പിൽ പെട്ട ആളുകൾ തന്നെ രാജ്‍കുമാറിനെ തല്ലിയെന്ന വിവരമാണ് എനിക്ക് കിട്ടുന്നത്”, എന്നാണ് മന്ത്രിയുടെ മറുപടി. സംഭവത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്‍കുമാറിന്‍റെ വീട് സന്ദർശിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

You might also like

-