മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം

24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുള്ള വലിയ മരണ നിരക്ക്. അട്ടിമറിക്കെതിരെ പ്രതിഷേധിച്ച 300 ലേറെ പേരെയാണ് സൈന്യം

0

യാങ്കൂണ്‍ : സായുധസേനാദിനമായ ശനിയാഴ്ച മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്.മ്യാന്‍മാറില്‍ ഇത്രയധികം പ്രതിഷേധക്കാര്‍ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈമാസം 14-ന് പോലീസും പട്ടാളവും നടത്തിയ വെടിവെപ്പില്‍ തൊണ്ണൂറോളംപേര്‍ കൊല്ലപ്പെട്ടിരുന്നു.

മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരകളായി.

24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുള്ള വലിയ മരണ നിരക്ക്. അട്ടിമറിക്കെതിരെ പ്രതിഷേധിച്ച 300 ലേറെ പേരെയാണ് സൈന്യം ഇതുവരെകൊന്നുതള്ളിയത്.സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്ര സമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരം നടപടികളില്‍ നിന്ന് സൈന്യം സ്വയം പിന്‍വാങ്ങണമെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഡാന്‍ ചഗ് പറഞ്ഞു.

ചില സ്ഥലങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. യാങ്കൂണിലെ ദലയില്‍ പോലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. മാണ്ഡലയില്‍ വിവിധ ഭാഗങ്ങളില്‍നടന്ന ആക്രമണങ്ങളില്‍ 13 പേര്‍ മരിച്ചു.

കൊല്ലപ്പെട്ടവരില്‍ മൂന്നുകുട്ടികള്‍ ഉള്‍പ്പെടുന്നതായും 28 സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും ‘ദി ഇരവാഡി’ റിപ്പോര്‍ട്ടുചെയ്തു. സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനികമേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോക്ടര്‍ സാന്‍സ കുറ്റപ്പെടുത്തി.

എന്നാല്‍, ജനങ്ങളെ സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിന്‍ ആങ് ലേയിങ് പറഞ്ഞു. 76-ാം സായുധസേനാദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലേയിങ്

.https://twitter.com/i/status/1375667074538762243

പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് വിഘാതമാണെന്നും നൊബേല്‍ പുരസ്‌കാരജേതാവ് ആങ് സാന്‍ സ്യൂചിയും ഭരണകക്ഷിയായ ‘നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി’യും നിയമവിരുദ്ധമായപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാലാണ് അധികാരം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തതായും അദ്ദേഹം ആരോപിച്ചു

 

സായുധസേനാദിനത്തിന്റെ ഭാഗമായിനടന്ന പരേഡില്‍ റഷ്യന്‍ പ്രതിരോധ സഹമന്ത്രി അലക്‌സാണ്ടര്‍ ഫോര്‍മിന്‍ പങ്കെടുത്തു. സൈന്യത്തിനുനേരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പരേഡിലെ റഷ്യന്‍ സാന്നിധ്യം. അട്ടിമറിക്ക് ഉത്തരവാദികളായവര്‍ക്കുനേരെ യു.എസും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റഷ്യയും ചൈനയും പട്ടാളഭരണകൂടത്തെ പിന്തുണയ്ക്കുകയാണ്.

You might also like

-