മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളാണ് മുല്ലപ്പെരിയാറിലെത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് കേരളത്തിന്റെ സത്യവാങ് മൂലം.

0

ഡൽഹി :മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ് എന്നിവരുടെ ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കുക. കേസില്‍ തമിഴ്‌നാടും കേരളവും ഇതിനകം മറുപടി സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. കാലഹരണപ്പെട്ട ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളാണ് മുല്ലപ്പെരിയാറിലെത് എന്ന് ചൂണ്ടിക്കാട്ടുന്നതാണ് കേരളത്തിന്റെ സത്യവാങ് മൂലം.മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി തമിഴ്‌നാടും സുപ്രിംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

2000 മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വൈദ്യതി കണക്ഷന്‍ ഇല്ല. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 1.785 കോടി രൂപ കേരളത്തിന് കൈമാറി. എന്നാല്‍ ഇതുവരെയും കെഎസ്ഇബി വൈദ്യുതി നല്‍കിയിട്ടില്ല. അണക്കെട്ടിലേക്കുള്ള അപ്രോച്ച് റോഡ് 10 വര്‍ഷമായി തകര്‍ന്നു കിടക്കുകയാണ്. വള്ളക്കടവില്‍ നിന്ന് ഗാട്ട് റോഡ് വഴി മുല്ലപ്പെരിയാറിലേക്കുള്ള അപ്രോച്ച് റോഡ് നന്നാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല. മുല്ലപ്പെരിയാറിലെ ബേബി ഡാമും, എര്‍ത്ത് ഡാമും ശക്തിപ്പെടുത്തുന്നതിന് കേരളം ആണ് സഹകരിക്കാത്തത്. അണക്കെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങള്‍ മുറിക്കണം. ഇതിനും കേരളം അനുമതി നല്‍കുന്നില്ല. ഇങ്ങനെ നീളുന്നു തമിഴ്‌നാടിന്റെ സത്യവാങ്മൂലം

ഗേറ്റ് ഷെഡ്യൂള്‍ സമയബന്ധിതമായി പുതുക്കാത്ത വീഴ്ചയാണ് കേരളത്തിന്റെ സത്യവാങ്മൂലത്തിലെ പ്രധാന വാദം. 1939 ല്‍ തയാറാക്കിയതാണ് ഇപ്പോഴത്തെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍. പലതവണ മാറ്റാനുള്ള സമയം ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നിട്ടും ഇത് മാറ്റാതെ ആണ് തമിഴ്‌നാട് മുന്നോട്ട് പോകുന്നത്. കാലഹരണപ്പെട്ട ഈ ഓപ്പറേഷന്‍ ഷെഡ്യൂളിനെ ആശ്രയിക്കുന്നത് ശാസ്ത്രിയ യുക്തിക്ക് എതിരാണ്. പുതിയ ഗേറ്റ് ഷെഡ്യൂള്‍ തയാറാക്കാത്തത് വലിയ വീഴ്ച ആണെന്നും കേരളം വ്യക്തമാക്കുന്നു അണക്കെട്ടിന്റെ റൂള്‍ കെര്‍വ് , ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍ എന്നിവ തയാറാക്കി നടപ്പിലാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണെന്നും കേരളത്തിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്നു. ഇന്ന് റിട്ട് ഹര്‍ജി പരിഗണിക്കുന്ന സുപ്രിംകോടതി രണ്ട് സത്യവാങ്മൂലങ്ങളും വിലയിരുത്തും.

അതേസമയം ഇൻന്ത്യയിലെയും അമേരിക്കയിലെയും അണക്കെട്ടുകൾ ലോകത്തിന് ഭീഷണിയെന്ന് ഐക്യരാഷ്ട്ര സഭ. മുല്ലപ്പെരിയാർ ഉൾപ്പെടെ ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകളും അമേരിക്കയിലെ 90,580 അണക്കെട്ടുകളുമാണ് ആശങ്കയുയർത്തുന്നത്. യുഎൻ സർവ്വകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റിയൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആന്റ് ഹെൽത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.പഴക്കമേറുന്ന ജലസംഭരണികൾ : ഉയർന്നു വരുന്ന ആഗോള ഭീഷണി എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. യുഎൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2025 ൽ 50 വർഷം പഴക്കമെത്തുന്ന 1115 ൽ ഏറെ അണക്കെട്ടുകളാണ് രാജ്യത്തുള്ളത്. 2050 ഓടെ ഇത് 4250 ലേക്ക് ഉയരുമെന്നാണ് കണ്ടെത്തൽ. അമേരിക്കയിലെ 90,580 അണക്കെട്ടുകളാണ് 50 വർഷം പഴക്കമെത്തി നിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലായി പഴക്കമേറിയ നിരവധി അണക്കെട്ടുകൾ അമേരിക്കയിൽ പൊളിച്ച് കളഞ്ഞിരുന്നു.

You might also like

-