തൃശ്ശൂർ പൂരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം . മാറ്റിവെക്കണമെന്ന് സാംസ്കാരിക നായകർ

പൂരം മാറ്റിവെക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക നായകർ. മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥിച്ച് കൊണ്ട് തുറന്ന കത്തുമായാണ് സാംസ്കാരിക പ്രവർത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്

0

തൃശ്ശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. ആന പാപ്പാന്മാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാർക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങൾ പ്രധാനമായും ഉന്നയിച്ചത്. യോഗത്തിൽ ഈ ആവശ്യങ്ങൾ ചീഫ് സെക്രട്ടറിക്ക് മുന്നിൽ ദേവസ്വങ്ങൾ വെക്കും.

പൂരം നടത്തിപ്പിൽ എല്ലാവരും ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ഇതുവരെ താനുമായി കൂടിയാലോചന നടത്തിയിട്ടില്ല. സർക്കാർ അഭിപ്രായം ചോദിച്ചാൽ പറയാമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പൂരം മാറ്റിവെക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക നായകർ. മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥിച്ച് കൊണ്ട് തുറന്ന കത്തുമായാണ് സാംസ്കാരിക പ്രവർത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ. വേണു തുടങ്ങിയവരടക്കം മുപ്പതിലധികം പേർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്.ഈ മഹാമാരി കാലത്തെ തൃശ്ശൂര്‍ പൂരം മാറ്റിവയ്ക്കുക എന്നാണ് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം കോവിഡ് പ്രതിദിന കണക്ക് ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള പൂരാഘോഷം അവിവേകമായിരിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

You might also like

-