മാർക്ക് ദാന വിവാദം: മന്ത്രിയുടെ വാദം പൊളിഞ്ഞു ; അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ

എം ജി സർവകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷറഫുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തില്‍ പങ്കെടുത്തില്ല എന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്

0

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാദം പൊളിയുന്നു. എം ജി സർവകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷറഫുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തില്‍ പങ്കെടുത്തില്ല എന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ അടക്കം പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു.
പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് അദാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണെന്നായിരുന്നു മന്ത്രി ജലീൽ പറഞ്ഞത്. അദ്ദേഹം പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. എന്നാല്‍ ആ ക്ലിപ്പിങ്ങില്‍ എന്താണെന്ന് കേള്‍പ്പിക്കാതെ, ദൃശ്യം മാത്രം കാണിക്കുകയാണ് ചെയ്യുന്നത്. ഉദ്ഘാടനത്തിനു ശേഷം നടന്ന അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അദാലത്തില്‍ പങ്കെടുത്തതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ട് മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്‍കാന്‍ തയ്യാറാണ്. നിരപരാധിയാണെന്ന നാട്യത്തില്‍ മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

-