മറയൂർ മധുരം ഭൗമസൂചിക പട്ടികയിൽ വില്ലനായി തമിഴ്നാട് ശർക്കര

ഒരു പ്രദേശത്തിന്റെ സ്വകാര്യ അഭിമാനം അംഗീകരിക്കപ്പെട്ട ഗുണനിലവാരം, പരമ്പരാഗത രീതിയിലുള്ള നിര്‍മ്മാണ രീതി അങ്ങനെ നീണ്ടു പോകുന്നു മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതകള്‍. മറയൂര്‍,കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ വിളയുന്ന കരിമ്പുകളില്‍ നിന്നാണ് മറയൂര്‍ ശര്‍ക്കര ഉദ്പാദിപ്പിക്കുന്നത്. 2016 മുതല്‍ മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു

0

മറയൂർ :മറയൂരും കാന്തല്ലൂരും പുതിയ അംഗികാരങ്ങളുടെയും നേട്ടങ്ങളുടെയും നടുവിലാണിപ്പോള്‍. ഇവിടങ്ങളിലെ പരമ്പരാഗത ഉല്‍പ്പന്നമായ മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിക്കുമ്പോള്‍ അത് ഈ മണ്ണിനോടുള്ള ആദരവുകൂടിയാണ്. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ലോകമെമ്പാടും ഈ ആദരവ് ഇനി എന്നും നിലനില്‍ക്കും. ചരിത്രപരമായ സവിശേഷത, ഒരു പ്രദേശത്തിന്റെ സ്വകാര്യ അഭിമാനം അംഗീകരിക്കപ്പെട്ട ഗുണനിലവാരം, പരമ്പരാഗത രീതിയിലുള്ള നിര്‍മ്മാണ രീതി അങ്ങനെ നീണ്ടു പോകുന്നു മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതകള്‍. മറയൂര്‍,കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ വിളയുന്ന കരിമ്പുകളില്‍ നിന്നാണ് മറയൂര്‍ ശര്‍ക്കര ഉദ്പാദിപ്പിക്കുന്നത്. 2016 മുതല്‍ മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നടക്കം മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ ഗുണനിലവാരം കുറഞ്ഞ ശര്‍ക്കര കേരളത്തില്‍ വിറ്റഴിക്കുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പ് മന്ത്രി വി എസി സുനില്‍കുമാറിന്റെ ഇടപെടലിലൂടെ ഒരു പ്രദേശത്തിന്റെ തനത് ഉല്‍പന്നമായ മറയൂര്‍ ശര്‍ക്കരക്ക് ജിഐ രജിസ്ട്രേഷനുള്ള നടപടി ആരംഭിക്കുന്നത്. തുടര്‍ന്ന് മറയൂരിലെ അഞ്ചനാട് കരിമ്പ് ഉല്‍പാദക വിപണന സംഘം,മഹാഡ്,മാപ്കോ തുടങ്ങിയ കര്‍ഷക കൂട്ടായ്മയുടെ സംയുക്ത ഇടപെടലിലൂടെ കേന്ദ്ര സര്‍ക്കാരിന് ജിഐ രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചു.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഐ.പി.ആര്‍ സെല്‍ കോഡിനേറ്റര്‍ ഡോ.സി. ആര്‍ എല്‍സിയുടെ നേതൃത്വത്തിലാണ് മറയൂര്‍ ശര്‍ക്കരയുടെ സവിശേഷതകള്‍ കണ്ടെത്തിയത്. കര്‍ഷകരുടെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള സാമ്പിളുകള്‍ അക്രെഡിറ്റഡ് ലാബില്‍ പരിശോധിച്ചു. മറ്റ് മേഖലകളില്‍ ഉദ്പാദിപ്പിക്കുന്ന ശര്‍ക്കരയേക്കാള്‍ ഗുണനിലവാരം കൂടുതലുണ്ടെന്ന് പരിശോധനകളില്‍ നിന്ന് കണ്ടെത്തി. ചെളി കുറവാണ് മറയൂര്‍ ശര്‍ക്കരക്ക്, ഐയണ്‍, കാത്സ്യം എന്നിവ കൂടുതല്‍,കീടനാശിനി പ്രയോഗം കുറവ്, പരമ്പരാഗതരീതിയില്‍ ഉരുട്ടി എടുത്താണ് നിര്‍മ്മാണം, ഉപ്പിന്റെ സാന്നിത്യം കുറവ്, ഔഷധഗുണം കൂടുതല്‍ ഇത്തരം കാര്യങ്ങളിലാണ് മറയൂര്‍ ശര്‍ക്ക അതിന്റെ തനിമ നിലനിര്‍ത്തി വരുന്നതെന്ന് ഡോ. സി. ആര്‍ എല്‍സി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജി ഐ രജിസ്ട്രേഷന്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ മറയൂര്‍ ശര്‍ക്കരയുടെ സവിശേഷതകള്‍ വിവരിച്ചുകൊണ്ടുള്ള ഡോക്യുമെന്റേഷന്‍ പ്രോഗ്രാമുകള്‍ നടന്നു. തുടര്‍ന്ന് 2018ല്‍ ജി ഐ രജിസ്ട്രേഷന്‍ അതികൃതരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്തിമഘട്ട പരിശോധനകള്‍ക്കും ശേഷമാണ് 2019 മാര്‍ച്ച് 6ന് മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിക്കുന്നത്.ഭൗമസൂചിക പദവി എത്തിയതോടെ ഇന്ന് സ്വന്തമായി അംഗീകൃത ലോഗോയുള്‍പ്പെടെ ലോകോത്തര നിലവാരത്തിലേക്ക് മറയൂര്‍ ശര്‍ക്കര എത്തി കഴിഞ്ഞു.

മറയൂർ മാധുര്യത്തിന്റെ ചരിത്രവും നിര്‍മ്മാണവും

മറയൂര്‍ ശര്‍ക്കരക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നാണ് ചരിത്രം.ടിപ്പുസുല്‍ത്താന്റെ ഭരണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ അഞ്ചുനാടുകളിലായി കുടിയേറിയവരാണ് പിന്നീട് കരിമ്പ് കൃഷി ചെയ്ത് തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. അഞ്ചനാടുകളിലായി താമസം തുടങ്ങിയവര്‍ ഇവിടങ്ങളിലെ പാടങ്ങളില്‍ കൃഷിയിറക്കി തുടങ്ങി. ഇതില്‍ നാലു പ്രദേശങ്ങള്‍ കേരളത്തിലും ഒന്ന് തമിഴ്നാട്ടിലുമാണെന്നാണ് പറയപ്പെടുന്നത്. നെല്‍പാടങ്ങളായിരുന്നു മറയൂരില്‍ ആദ്യക്കാലങ്ങളില്‍ ഉണ്ടായിരുന്നത്. പിന്നീട് കാലവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഇവ കരിമ്പിന്‍ പാടങ്ങളായി മാറി. ഇന്ന് മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ 1600 ഹെക്ടറില്‍ അധികം പാടങ്ങളില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. 12 മാസത്തെ കാലയളവിലാണ് കരിമ്പുകള്‍ വിളവെടുക്കുന്നത്. പുല്ലുകൊണ്ട് പരമ്പരാഗതമായി മേഞ്ഞുണ്ടാക്കിയ ആലപ്പുരകളിലാണ് ശര്‍ക്കര നിര്‍മ്മാണം. ഒരേക്കര്‍ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ 25,000 തണ്ടുകള്‍ വേണം. ഓരോ മാസങ്ങളിലും പാടങ്ങളിലേക്ക് കനാലുകളിലൂടെ വെള്ളം എത്തിക്കും.
വിളവെടുക്കുന്ന കരിമ്പുകളുടെ തലഭാഗമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവിടങ്ങളിലെ പാടശേഖരങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കൃഷി ചെയ്യുന്നുണ്ട്. ആലപ്പുരകളില്‍ കെട്ടുകളായി എത്തിക്കുന്ന കരിമ്പുകള്‍ യന്ത്രസഹായത്തോടെ പിഴിഞ്ഞെടുക്കുകയാണ് പതിവ്. 650 മുതല്‍ 700 ലിറ്റര്‍വരെ കരിമ്പിന്‍ നീര് ഒറ്റ സംസ്‌കരണത്തില്‍ ലഭിക്കും. നാഗതകിടുകൊണ്ട് നിര്‍മ്മിച്ച വലിയ പാത്രത്തില്‍ ശേഖരിക്കുന്ന കരിമ്പിന്‍നീര് മൂന്ന് മണിക്കൂറോളം ചൂടാക്കും. വലിയ സംഭരണിപോലുള്ള ഈ പാത്രം കൊപ്രയെന്നാണ് അറിയപ്പെടുന്നത്. അടുപ്പും പാത്രവും തമ്മില്‍ ആറടിയോളം പൊക്കമുണ്ട്.പിഴിഞ്ഞെടുക്കുന്ന കരിമ്പുകളുടെ ചണ്ടിയാണ് തീയായി ഉപയോഗിക്കുന്നത്. പായസ പരുവമാകുന്നതുവരെ ചൂടാക്കുന്ന കരിമ്പിന് നീര് തടികൊണ്ട് നിര്‍മ്മിച്ച പന്നയെന്നറിയപ്പെടുന്ന വലിയ പാത്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് കൈകൊണ്ടുതന്നെ ഉരുട്ടിയെടുത്താണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. ദിനംപ്രതി 200 മുതല്‍ 600 കിലോ വരെ ശര്‍ക്കരയാണ് ഓരോ ആലപുരകളിലും ഉണ്ടാക്കുന്നത്. ഓണവിപണിയോടെ മറയൂര്‍ ശര്‍ക്കരക്ക്് ആവശ്യക്കാര്‍ കൂടുമെന്ന് കാന്തല്ലൂരിലെ കര്‍ഷകരായ ബാലസുബ്രമണ്യം പറയുന്നു. നിലിവില്‍ 70 രൂപ മുതല്‍ 120 രൂപവരെയാണ് മറയൂര്‍ ശര്‍ക്കരയുടെ വില. ഏലം, ചുക്ക്, ഔഷധ കൂട്ടുകള്‍ എന്നിവ ചേര്‍ക്കുന്ന ശര്‍ക്കരകള്‍ക്കാണ് വില കൂടുതല്‍ വരുന്നത്.

വ്യാജ ശര്‍ക്കര പിടികൂടി

മറയൂര്‍ ആനക്കാല്‍പെട്ടിയില്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ നിന്നാണ് 130 ചാക്ക് തമിഴ്‌നാട് നിര്‍മ്മിതമായ മറയൂര്‍ ശര്‍ക്കരയുടെ വ്യാജന്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും ലോറിയലെത്തിച്ച ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുമായി കലര്‍ത്തുന്നതിനിടെയാണ് മറയൂരിലെ കരിമ്പ് കര്‍ഷകരെത്തി തടഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി പരിശോധന നടത്തി. പിടിച്ചെടുത്ത ശര്‍ക്കര തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

You might also like

-