മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു.

മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു

0

മുബൈ: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് രാജിവച്ചു. അഴിമതിയാരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. പാർട്ടി നേതാവ് നവാബ് മാലിക്കാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്.രാജിക്കത്ത് ദേശ്മുഖ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കൈമാറി.

മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഡോ. ജയ്ശ്രീ പാട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകളുമായി എസ്.യു.വി. വാഹനം കണ്ടെത്തിയ സംഭവത്തില്‍ വിവാദ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എന്‍.ഐ.എയുടെ പിടിയിലായ സംഭവവികാസമാണ് മുംബൈ പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള പരംബിര്‍ സിങ്ങിന്റെ ചലനത്തിന് ഇടയാക്കിയത്. ഇതിനു പിന്നാലെ ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പരംബീര്‍ സിങ് ഉദ്ധവിന് കത്തയക്കുകയായിരുന്നു.അതേസമയം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതിനോട് പ്രതികരിക്കാനില്ലെന്ന് പരംബീര്‍ സിങ് പറഞ്ഞു.

സച്ചിന്‍ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിങ്ങിന്റെ ആരോപണം. മുംബൈ പോലീസ് ക്രൈം ബ്രാഞ്ചിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം തലവനായ സച്ചിന്‍ വാസെയെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തന്റെ ഔദ്യോഗിക വസതിയായ ദ്യാനേശ്വറിലേക്ക് കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ പല തവണ വിളിച്ചുവരുത്തുകയും ആഭ്യന്തര മന്ത്രിക്കു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും സിങ് ഉദ്ധവിനയച്ച കത്തില്‍ പറഞ്ഞിരുന്നു.

പണം തട്ടിയെടുക്കല്‍, അനധികൃത സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ദേശ്മുഖിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് പരാതി നല്‍കിയതിനാല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു. നേരത്തെ പരംബീര്‍ സിങ്ങിന്റെ പരാതി പരിഗണിക്കവേ എന്തുകൊണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹത്തോട് ബോംബെ ഹൈക്കോടതി ആരാഞ്ഞിരുന്നു.

സി.ബി.ഐ. അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നുന്നതിനാലാണ് രാജിയെന്ന് ദേശ്മുഖ് രാജിക്കത്തില്‍ വ്യക്തമാക്കി. ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് രാജിയെന്ന് ദേശ്മുഖ് പറഞ്ഞു. മുന്‍പ് രാജി ആവശ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യം നിരസിക്കുകയും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ദേശ്മുഖിന്റെ പ്രതികരണം.

You might also like

-