ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിപ്രതിപക്ഷനേതാവ്

ബഫര്‍ സോണ്‍ വിഷയത്തിൽ പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ഹര്‍ത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്

0

തിരുവനന്തപുരം | ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബഫര്‍ സോണിൽ എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിൻ്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോൾ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളിൽ ഇടിത്തീയായി വീണതെന്നും സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ.മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ബഫർ സോൺ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്. എന്നാൽ 2019-ൽ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോൾ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തിൽ പിണറായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ഹര്‍ത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിൽ നിന്നുണ്ടായി. സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണം എന്ന് ഫലത്തിൽ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തിൽ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണിൽ പ്രതിപക്ഷം സമരത്തിൽ നിന്നും പിന്നോട്ട് പോകില്ല.

സ്വർണക്കടത്ത് കേസിൽ ഗുരുതര ആരോപണമാണ് ഇന്നലെ സ്വപ്ന ഉന്നയിച്ചത്. ഇക്കാര്യത്തിൽ ശക്തമായ സമരം തുടരും. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ…സിസിടിവി പരിശോധിക്കണമെന്ന് സ്വപ്ന പറയുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് സിസിടിവി പരിശോധിക്കണം എന്ന് പിണറായിയും പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട പിണറായി ഇപ്പോൾ സിസിടിവി ദൃശ്യം പുറത്തുവിടാൻ തയ്യാറാകുമോ?.: സോളാർ കേസ് വിട്ടതുപോലെ സ്വർണക്കടത്ത് കേസും സിബിഐയ്ക്ക് വിടണം. ഈ കേസ് അണിയറിയിൽ സെറ്റിൽ ചെയ്യുകയാണ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ സെറ്റിൽമെൻറ് നടക്കില്ല.

അതേസമയം ബഫർ സോൺ വിഷയത്തിൽ സുപ്രിം കോടതിയിൽ പുനപരിശോധനാ ഹർജി നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സുപ്രിം കോടതി വിധി മലയോരമേഖലയിലെ ആളുകളെ ബാധിക്കുന്നത് ഗൗരവതകരം. പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

You might also like

-