കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്‍റെ 15ാമത് അമീറായി സ്​ഥാനമേറ്റത്

0

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു‌. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി​ന്‍റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹ് കുവൈത്തിന്‍റെ 15ാമത് അമീറായി സ്​ഥാനമേറ്റത്.
1929 ജൂൺ 26ന് ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോൾ 1954ൽ 25ാം വയസ്സിൽ തൊഴിൽ, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം സർക്കാർ പ്രസിദ്ധീകരണ വിഭാഗത്തിന്‍റെ​ മേധാവിയായി. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്​കാരിക പ്രസിദ്ധീകരണമായ ‘അൽ അറബി’ തുടങ്ങിയത്.

1962ൽ വാർത്താവിനിമയ മന്ത്രിയായി. 63ൽ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ൽ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയിൽ തുടർന്നു. ലോകത്തുതന്നെ ഇത്രകാലം തുടർച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ൽ പ്രധാനമന്ത്രി പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2006ൽ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറി.ലോകതലത്തിൽ സേവന മേഖലകളിൽ സംഭാവനകൾ അർപ്പിച്ചതിന് ഐക്യരാഷ്​ട്ര സഭ അദ്ദേഹത്തിന്​ 2014ൽ മാനുഷിക സേവനത്തിന്‍റെ ലോക നായക പട്ടം നൽകി ആദരിച്ചു. ഈ സെപ്റ്റംബർ 18ന്​ അമേരിക്കൻ പ്രസിഡൻറിന്‍റെ ‘ദി ലീജിയൻ ഓഫ്​ മെറിറ്റ്​ ഡിഗ്രി ചീഫ്​ കമാൻഡർ’ ബഹുമതി അദ്ദേഹത്തിന്​ ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തിൽ മകൻ ശൈഖ്​ നാസർ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹ്​ ആണ്​ ഏറ്റുവാങ്ങിയത്​.

You might also like

-