സ്വപ്‌ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം: കെ ടി ജലീൽ

റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം

0

തിരുവനന്തപുരം :സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ഫോണിൽ സംസാരിച്ചത് യുഎഇ കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരമെന്ന് മന്ത്രി കെ ടി ജലീൽ. മെയ് 27ന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഒരു സന്ദേശം വന്നു. റംസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും തീരപ്രദേശത്തേയും മറ്റും നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി കൊവിഡ് ഭീതി കാരണം കിറ്റ് വിതരണം മുടങ്ങിയിരുന്നു.

റംസാനോട് അനുബന്ധിച്ച് യുഎഇ കോൺസുലേറ്റ് ഭക്ഷണം വിതരണം ചെയ്യാറുണ്ടെന്നും താൻ അതിൽ നേരത്തെ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി. ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദേശം. ഭക്ഷണക്കിറ്റുകളുണ്ടെന്നും വിതരണം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കാനും ജനറൽ പറഞ്ഞു. മെസേജിന് മറുപടിയായി കൺസ്യൂമർഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് പറഞ്ഞതായും മന്ത്രി. ഓഫീസ് ജീവനക്കാരിയായ സ്വപ്‌ന നിങ്ങളുമായി ബന്ധപ്പെടുമെന്നാണ് ജനറൽ പറഞ്ഞത്. സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് കൈവശമുണ്ടെന്നും കെടി ജലീൽ.

1000 ത്തോളം ഭക്ഷണക്കിറ്റ് കിട്ടിയിരുന്നു. എടപ്പാൾ, തൃപ്പങ്ങോട് പഞ്ചായത്തുകളിലായാണ് കിറ്റ് വിതരണം ചെയ്തത്. അതിന്റെ ബില്ല് എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് അയച്ചിട്ടുണ്ട്. കോൺസൽ ജനറലിന്റെ അഡ്രസിൽ അവിടെയുള്ള അധികൃതർ ബില്ല് അയച്ചു. കോൺസുലേറ്റാണ് പണം കൺസ്യൂമർഫെഡിന് അനുവദിച്ചതെന്നും മന്ത്രി.

കിറ്റുകളുടെ ബില്ലടയ്ക്കാത്ത വിവരം കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വപ്നയെ വിളിച്ചതെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ച കാര്യമാണ് സ്വപ്നയെ അറിയിച്ചതെന്നും കെടി ജലീല്‍ പറഞ്ഞു. സ്വപ്നയുടെ കോൾ റെക്കോർഡിലാണ് ഇരുവരും തമ്മിൽ പലപ്പോഴായി ഫോണിൽ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. സ്വപ്ന ഒരുതവണ മാത്രമാണ് വിളിച്ചത്. എന്നാൽ മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.

You might also like

-