കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം കെ യെ യു നേതാവ് അഭിജിത്തിനെതിരെ കേസ്

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി.അഭിയെന്ന പേരില്‍ പരിശോധന നടത്തിയെന്നും വ്യാജ വിലാസം നൽകിയെന്നുമാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

0

തിരുവനതപുരം :കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയിൽ കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെ കേസ്. അഭിജിത്ത് പേരും വിലാസവും തെറ്റിച്ചുനല്‍കിയെന്ന് പൊലീസ് പറഞ്ഞു. ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിയമപ്രകാരവുമാണ് കേസ്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി.അഭിയെന്ന പേരില്‍ പരിശോധന നടത്തിയെന്നും വ്യാജ വിലാസം നൽകിയെന്നുമാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, പേര് തെറ്റിയത് ക്ലറിക്കല്‍ പിഴവാണെന്നും പരാതി രാഷ്ട്രീയപ്രേരിതമാണെന്നും അഭിജിത്ത് പ്രതികരിച്ചു.

പഞ്ചായത്തിൽ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് പോസിറ്റീവായി. ഇതിൽ കോവിഡ് സ്ഥിരീകരിച്ച കെ എം അബി , തിരുവോണം എന്ന വിലാസത്തിലെത്തിയ ആളെ കണ്ടെത്താനായില്ല. കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടേതാണ് വിലാസമെന്നും പരിശോധന നടത്തിയത് കെ എം അഭിജിത്താണെന്നും അന്വേഷണത്തിൽ വ്യക്തമായെന്നും പരാതിയിൽ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വിവരം അഭിജിത്ത് സ്ഥിരീകരിച്ചു. പരിശോധിക്കുമ്പോൾ നൽകിയ വിലാസത്തിൽത്തന്നെ ക്വാറന്റീനിലാണെന്നാണ് വിശദീകരണം. പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. പേരും വിലാസവും നല്കിയത് ബാഹുൽ കൃഷ്ണയാണെന്നും അഭിജിത്ത് പറയുന്നു എന്നാൽ പേര് തെറ്റായി നല്കിയതിൽ വ്യക്തമായ മറുപടിയില്ല.

സെക്രട്ടേറിയറ്റിലുൾപ്പെടെ സമരം നടത്തിയ പ്രതിപക്ഷത്തിനെതിരെ സർക്കാർ രൂക്ഷ വിമർശനമുന്നയിക്കുന്നതിനിടെയാണ് കെ എസ് യു നേതാവിന് കോവിഡ് സ്‌ഥിരീകരിക്കുന്നതും വ്യാജ പരിശോധനാ വിവാദമുയരുന്നതും.അതേസമയം, കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് കോവിഡ് പരിശോധനയ്ക്ക് വ്യാജപേര് നൽകിയതിൽ പ്രതികരണവുമായി ബാഹുല്‍കൃഷ്ണ രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പറ്റിയ തെറ്റാവാമെന്ന് കെഎസ്‌യു നേതാവ് ബാഹുൽ പറയുന്നു. എന്നാൽ ന്യായീകരിക്കാന്‍ മാത്രമുള്ള വാദമാണിതെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പറഞ്ഞു. ആരെയോ സ്വാധീനിച്ചാണ് പേരുമാറ്റിയതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.രജിസ്റ്ററില്‍ പേര് തിരുത്താന്‍ കെ എം അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രോഗവ്യാപനമുണ്ടാകാന്‍ സമരം ചെയ്യുകയും പോസിറ്റീവായാല്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നത് ഗുരുതര സാഹചര്യം. അഭിജിത്ത് തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കരുതുന്നതായും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

You might also like

-