സിൽവർ സംവാദം തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് കോടിയേരി ബാലകൃഷ്ണൻ

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്.

0

തിരുവനന്തപുരം | സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്.

ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം.

സംവാദത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിരുന്നതായി ജോസഫ് സി. മാത്യു പറഞ്ഞു. തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയട്ടെയെന്നും ഒഴിവാക്കിയ വിവരം അറിയിക്കാൻ സർക്കാർ മാന്യത കാണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

You might also like

-